സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ രാഷ്ട്രം വീഴുന്നുവെന്ന ചർച്ചകളും വാദങ്ങളും ദേശീയതലത്തിൽ തുടരവേയാണ് കഴിഞ്ഞ ദിവസം ഒരു രാഷ്ട്രം ഒരു ഭാഷ എന്ന തരത്തിൽ പുതിയ വിവാദത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കം കുറിച്ചത്. ഹിന്ദിബൽറ്റിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഭാഷ വിഷയത്തിലുണ്ടായിരിക്കുന്നത്. സാമ്പത്തിക അടിത്തറ തകരുന്നുവെന്ന വാർത്തകളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഹിന്ദി ഭാഷയുടെ പേരിലുള്ള പുതിയ വിവാദമെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാൽ വിവാദമായ രണ്ട് വിഷയങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുകയാണ് കോൺഗ്രസ് യുവ നേതാവായ വി.ടി.ബൽറാം എം.എൽ.എ. ഹിന്ദി പഠിക്കുന്നത് കൊണ്ട് ഗുണമുണ്ടെന്നും ധനമന്ത്രിക്ക് ഹിന്ദിയിൽ വിത്ത് മന്ത്രി എന്നാണ് പറയുന്നത്. വിത്തെടുത്ത് കുത്തി തിന്നേണ്ടി വരുന്ന ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ. ധനമന്ത്രിക്ക് ഹിന്ദിയിൽ പറയുന്നത് 'വിത്ത് മന്ത്രി' എന്നാണ്. വിത്തെടുത്ത് കുത്തിത്തിന്നേണ്ടി വരുന്ന ഇന്നത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ട്?