pk-sasi

ചെർപ്പുളശ്ശേരി : ടിപ്പർ ലോറി തടഞ്ഞു നിർത്തി ഡ്രൈവറോട് ക്ഷോഭിക്കുന്ന പി.കെ.ശശി എം.എൽ.എയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. ഡ്രൈവറോട് ക്ഷോഭിക്കുന്ന എം.എൽ.എയുടെ വീഡിയോ ആരോ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ചെർപ്പുളശ്ശേരി മാങ്ങോട്ടാണ് സംഭവം. ഇവിടെ പ്രവർത്തകരോടൊപ്പം നിൽക്കുന്ന പി.കെ.ശശി ടിപ്പർ ലോറി തടഞ്ഞു നിർത്തി ഡ്രൈവറെ ശകാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഡ്രൈവറുടെ കണ്ണടിച്ച് പൊട്ടിക്കുമെന്ന് ഉച്ചത്തിൽ എം.എൽ.എ ആക്രോശിക്കുന്നത് വീഡിയോയിലുണ്ട്.

എന്നാൽ അമിത വേഗതയിൽ എം.എൽ.എ സഞ്ചരിച്ച കാറിനെ മറികടന്നതോടെയാണ് ടിപ്പർ ഡ്രൈവറെ ശകാരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. അതേ സമയം എം.എൽ.എ തന്നെ വഴക്കു പറഞ്ഞതല്ലെന്നും ഉപദേശിച്ചതാണെന്നുമാണ് ടിപ്പർ ലോറിയുടെ ഡ്രൈവർ ഇഖ്ബാൽ അറിയിച്ചത്. എന്നാൽ എം.എൽ.യുടെ ധിക്കാരപരമായ പെരുമാറ്റമെന്ന തരത്തിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്. ഇതിനു മുൻപും ചെർപ്പുളശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്ന പി.കെ.ശശിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന യുവതിയുടെ പീഡന പരാതിയെത്തുടർന്നു സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്കു സസ്‌പെൻഡ് ചെയ്യപ്പെട്ട ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്കു തിരിച്ചെടുക്കാൻ കഴിഞ്ഞ ദിവസമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.