maradu

കൊച്ചി: മരട് ഫ്ളാറ്റ് വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിച്ചു. ഫ്ലാറ്റ് ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ ചൊവ്വാഴ്ചത്തേക്ക് സർവകക്ഷിയോഗം വിളിച്ചത്. നേരത്തെ പ്രതിപക്ഷം ഈ നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. വിവിധ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞ് പ്രശ്നത്തിൽ തുടർ നിലപാട് സ്വീകരിക്കാനാണ് സർക്കാർ നീക്കം. ഫ്ലാറ്റിലെ താമസക്കാർക്ക് രാഷ്ട്രീയപ്പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം.

അതേസമയം, നിയമാനുസൃതം വിൽപ്പന നടത്തിയ ഫ്ലാറ്റുകളിൽ ഇനി തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് ഫ്ലാറ്റ് നിർമാതാക്കൾ വ്യക്തമാക്കി. ഫ്ളാറ്റ് വിഷയത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്‌ളാറ്റുൾ നിയമാനുസൃതമായി നിലവിലെ ഉടമകൾക്ക് വിറ്റതാണെന്നും കാണിച്ച് ഫ്‌ളാറ്റ് നിർമാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിൽ ഉടമകൾ സഹകരിക്കുന്നില്ലെന്നും സർക്കാർ തുടർന്നപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റുകളിലെ താമസക്കാരോട് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നായിരുന്നു മരട് നഗരസഭാ നോട്ടീസ്. പല ഫ്ലാറ്റ് ഉടമകളും നോട്ടീസ് കൈപ്പറ്റാത്തതിനാൽ കെട്ടിടത്തിന് മുകളിൽ പതിക്കുകയായിരുന്നു നഗസഭ സെക്രട്ടറി. ഈ നോട്ടീസിനുള്ള മറുപടിയിലാണ് പാർപ്പിട സമുച്ഛയത്തിന്റെ നിർമാതാക്കൾ കൈമലർത്തുന്നത്. ഫ്ലാറ്റുകൾ നിയമാനുസൃതം ഉടമകൾക്ക് വിറ്റതാണ്. പദ്ധതിയുമായി നിലവിൽ തങ്ങൾക്ക് ബന്ധമില്ല. ഉടമകൾ തന്നെയാണ് നികുതി അടക്കുന്നത്. നഗരസഭ പിന്നെ എന്തിന് നോട്ടീസ് നൽകിയെന്നാണ് നിർമാതാക്കളുടെ ചോദ്യം.