theft-

തളിപ്പറമ്പ് : കണ്ണർ തളിപ്പറമ്പ് നഗരത്തിൽ ഇരുപത്തിയഞ്ചിലധികം കാറുകളാണ് കഴിഞ്ഞ ഒൻപത് മാസത്തിനിടയ്ക്ക് മോഷണത്തിനിരയായത്. നിർത്തിയിട്ടിരിക്കുന്ന കാറുകളുടെ ഗ്ലാസ് തകർത്തുള്ള മോഷണത്തിൽ ഇതര സംസ്ഥാനക്കാരടക്കം നിരവധി പേർക്ക് പങ്കുള്ളതായി പൊലീസ് സംശയിച്ചിരുന്നു. ഒടുവിൽ കാർ മോഷണകേസിലെ പ്രതിയെ പൊലീസ് പിടികൂടിയപ്പോൾ ഞെട്ടിയത് നാട്ടുകാരാണ്. നാട്ടിലെ അറിയപ്പെടുന്ന ധനാഢ്യനായ വ്യാപാരിയെയാണ് മോഷണകുറ്റത്തിന് പൊലീസ് പിടികൂടിയത്. തളിപ്പറമ്പ് പുഷ്പഗിരിയിലെ മാടാളൻ പുതിയപുരയിൽ അബ്ദുൾ മുജീബിനെയാണ് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

തളിപ്പറമ്പ് നഗരത്തിൽ ദേശീയപാതയ്ക്കരികയായി മൂന്ന് നില ഷോപ്പിംഗ് കോംപ്ലക്സും അഞ്ച് ഏക്കറോളം ഭൂമിയും നാൽപ്പത്തിയൊന്ന്കാരനായ അബ്ദുൾ മുജീദിനുണ്ട്. കവർച്ചനടന്ന ഇടങ്ങളിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനെ ഇയാളിലേക്കെത്തിച്ചത്. ഇരുപത്തഞ്ചോളം വാഹനങ്ങളിൽ മോഷണം നടത്തി ഏഴരലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും ഇയാൾ കവർന്നതായി സമ്മതിച്ചിട്ടുണ്ട്. ആഢംബര ജീവിതം നയിക്കുന്നതിനിടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഭൂസ്വത്തിൻ മേൽ കൂട്ടുത്തരവാദിത്തമുള്ളതിനാൽ വിൽപ്പന നടത്താൻ കഴിയാതിരുന്നതാണ് മോഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്നാണ് മുജീദ് മൊഴി നൽകിയത്.