"ഒരു അഡാർ ലൗ","ഹാപ്പി വെഡ്ഢിംഗ്", "ചങ്ക്സ്" തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. ഒരുപാട് വിവാദങ്ങളുമായി മുന്നേറിയ അഡാർ ലൗവിന് ഒപ്പം ചിത്രത്തിലെ കഥാപാത്രങ്ങളായെത്തിയ പ്രിയവാര്യരും റോഷനും ജനപ്രീതി നേടി. സോഷ്യൽ മീഡിയയിൽ അടക്കം താരങ്ങളായി മാറിയ ഇവരുടെ പ്രശസ്തി വിദേശ രാജ്യങ്ങളിൽ വരെ അലയടിച്ചു.
എന്നാൽ, "ഒരു അഡാർ ലൗ" ഒരിക്കലും തനിക്കൊരു ഒമർ ലുലു ചിത്രമായി ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ചിത്രത്തിനായി ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഒമർ പറയുന്നു. കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഒമർ മനസുതുറന്നത്. "ഒരു അഡാർ ലൗ" എനിക്കൊരു ഒമർ ലുലു മൂവിയായി ചെയ്യാൻ പറ്റിയിട്ടില്ല. കുറെ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ മനസിൽ ഒരു സ്റ്റോറി ലെെൻ ഉണ്ടായിരുന്നു. എന്നാൽ, മൊത്തത്തിൽ അങ്ങനെ ചെയ്യാൻ സാധിച്ചില്ല. മാസ് പടങ്ങൾ ചെയ്യാൻ അതിന്റേതായ ബഡ്ജറ്റ് വേണം"- ഒമർ പറഞ്ഞു.
"സത്യസന്ധമായി ചിത്രം അവതരിപ്പിക്കുകയാണ് വേണ്ടത്. പരമാവധി ഫേക്ക് ആവാതിരിക്കാൻ ശ്രദ്ധിക്കണം എന്നതാണ് ഞാൻ ലെെഫിൽ കീപ്പ് ചെയ്യുന്നത്. നമ്മൾ എന്താണോ ചിത്രത്തിൽ പറയാനുള്ളത് അത് പറയുക. ഫേക്കാവണ്ട ആവശ്യമില്ലെ"ന്നും ഒമർ പറയുന്നു. ചെറിയ ബഡ്‌ജറ്റിൽ കളർഫുൾ അടിച്ചുപൊളി മാസ് സിനിമ ചെയ്യാനാണ് ഇഷ്ടം. ഒപ്പം ലൗ സ്റ്റോറി ചെയ്യാനും താൽപര്യം. എന്നാൽ, സിനിമാരംഗത്ത് എല്ലാ തരം ചിത്രങ്ങളും വരണമെന്നും ഒമർ പറയുന്നു.
"മലയാളത്തിലെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വച്ച് സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. പുതുമുഖങ്ങളെ വച്ചുള്ള സിനിമ കൂടാതെ ഇനി ആർട്ടിസ്റ്റിനെ വച്ച് സിനിമ ചെയ്യാനും താൽപര്യണ്ട്. പുതുമുഖങ്ങളേക്കാൾ ലാലേട്ടനെ വച്ച് സിനിമ ചെയ്യാൻ എളുപ്പമാണ്. ലാലേട്ടൻ സിനിമയിൽ ഒരാളെ ഇടിച്ചു കഴിഞ്ഞാൽ എല്ലാരും കയ്യടിക്കും. പുതിയൊരാളെ കൊണ്ട് സിനിമയിൽ ഇത്തരത്തിൽ കയ്യടിനേടാൻ ഭയങ്കര പ്രയാസമാണെന്നും ഒമർ പറയുന്നു.