gold-

മലയാളി സ്വർണത്തിന് അതിവിശിഷ്ടമായ സ്ഥാനമാണ് നൽകിയിട്ടുള്ളത്. ശുദ്ധമായ സ്വർണം ജീവിതത്തിന്റെ ഭാഗമാക്കുന്നതിൽ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ശ്രദ്ധ നൽകുന്നവരാണ്. സ്വർണം ഒരു ആഭരണമെന്നതിലപ്പുറം നിക്ഷേപമായി കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. സുരക്ഷിത നിക്ഷേപമെന്ന കണക്കുകൂട്ടലിലാണ് ഈ മഞ്ഞ ലോഹത്തിന്റെ വില കുതിച്ചു കയറികൊണ്ടിരിക്കുന്നത്.

കേരളത്തിൽ നിന്നും ആരംഭിച്ച് ലോക പ്രശസ്തമായ ബ്രാൻഡായി വളർന്ന ജോസ് ആലുക്കാസ് കേരളത്തിന്റെ അഭിമാനം രാജ്യത്തിന് പുറത്തെത്തിച്ച ബ്രാൻഡാണ്. തൃശൂരിന്റെ പെരുമ നെഞ്ചിലേറ്റിയ ആലുക്കാസ് കുടുംബത്തിലെ വിശേഷങ്ങളാണ് പ്രേക്ഷകർക്കായി ഈ ഓണനാളിൽ കൗമുദി ടി.വി. അവതരിപ്പിക്കുന്നത്.

പ്രതിസന്ധികളിൽ തളരാതെയാണ് ജോസ് ആലുക്കാസ് സ്വർണവ്യാപാരം ആരംഭിച്ചത്, ആരംഭകാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളികൾ തുറന്ന് പറയുകയാണ് ജോസ് ആലുക്കാസ്. മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ സ്വർണവ്യാപാരത്തിന്റെ പകിട്ടു കുറയ്ക്കുന്നതിനായി സ്വർണത്തിന് പതിനാല് കാരറ്റായി കുറയ്ക്കാൻ തീരുമാനമെടുത്തു. സ്വർണത്തിനും പെട്രോളിനുമായി ഇന്ത്യയുടെ സമ്പത്ത് പുറത്തുപോകുന്നത് തടയിടാനായിരുന്നു അദ്ദേഹം ഈ നീക്കം നടത്തിയിരുന്നത്. സ്വർണം ഇറക്കുമതി ചെയ്യുന്നത് ആഭരണങ്ങളാക്കി വിൽക്കുമ്പോൾ വാങ്ങി ലോക്കറിലേക്ക് മാറ്റുന്നതോടെ പണത്തിന്റെ ചലനം നിലയ്ക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമാവുമെന്ന് കരുതിയാണ് മൊറാർജി ദേശായി സർക്കാർ ഈ തീരുമാനമെടുത്തത്.

jose-alukkas-

എന്നാൽ ഇതിലൊന്നും തളരാതെ സ്വർണ ബിസിനസിലേക്ക് ധൈര്യസമേതം ചുവടുറപ്പിച്ചതാണ് പിൽക്കാലത്തുണ്ടായ എല്ലാ നേട്ടങ്ങൾക്കും കാരണമെന്ന് ജോസ് ആലുക്കാസ് വിശ്വസിക്കുന്നു. സ്വർണത്തിന്റെ മാറ്റ് കുറച്ചു കൊണ്ട് ജനങ്ങളുടെ സ്വർണ പ്രേമം കുറയ്ക്കാമെന്ന മൊറാർജിയുടെ സ്വപ്നം നടക്കാതെ പോയതിന്റെ കാരണവും ജോസ് ആലുക്കാസ് വിശദീകരിക്കുന്നു. സ്വർണം പണ്ടു മുതൽക്കേ നിക്ഷേപം എന്ന രീതിയിലായിരുന്നു ജനം കണ്ടിരുന്നത്. കർഷകർ അവരുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിക്കുന്ന തുക സ്വർണത്തിൽ നിക്ഷേപിക്കുന്ന രീതിയായിരുന്നു പണ്ടുമുതൽക്കേ ഇന്ത്യയിൽ നില നിന്നിരുന്നതെന്നും അദ്ദേഹം ഓർക്കുന്നു.