ന്യൂയോർക്ക്: ഡോക്ടറുടെ മരണത്തിന് പത്ത് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 2000ത്തിലധികം ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇല്ലിനോസിലെ വിൽകൗണ്ടിലുള്ള ഡോ. അൾറിക് ക്ലോഫറുടെ വീട്ടിൽ നിന്നാണ് ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൊലീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡോ. അൾറിക് ക്ലോഫർ സെപ്റ്റംബർ 3 നാണ് മരിച്ചത്.
ഡോക്ടറുടെ മരണശേഷം ചിക്കാഗോയിൽ നിന്ന് 45 മൈൽ (72 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായിട്ട് സ്ഥിതിചെയ്യുന്ന വിൽകൗണ്ടിയിലെ അദ്ദേഹത്തിന്റെ വസതിയിൽ കുടുംബവും അഭിഭാഷകനും സ്വകാര്യ വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് 2,246 ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
അധികൃതർ അവശിഷ്ടങ്ങൾ കണ്ടുകെട്ടി അന്വേഷണം തുടരുകയാണ്. അന്വേഷണവുമായി ഡോക്ടറുടെ കുടുംബം പൂർണമായും സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യാനയിലെ മൂന്ന് അബോർഷൻ ക്ലിനിക്കുകളിൽ ക്ലോഫർ പതിറ്റാണ്ടുകളായി ഗർഭച്ഛിദ്രം നടത്തിയിരുന്നു. ഏറെക്കാലം ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറുടെ മെഡിക്കൽ ലൈസൻസ് 2016ൽ ആ സംസ്ഥാനത്തെ മെഡിക്കൽ ബോർഡ് റദ്ദാക്കിയിരുന്നു.