ന്യൂഡൽഹി : പാകിസ്ഥാൻ ഈ വർഷം 2050 തവണ അതിർത്തിയിൽ വെടിനിറുത്തൽ കരാർ ലംഘിച്ചെന്നും അതിൽ 21 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാക് സൈന്യം വെടിവച്ചത്. 2003ലെ വെടിനിറുത്തൽ കരാർ പാലിച്ച് അന്താരാഷ്‌ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും സമാധാനവും ശാന്തിയും നിലനിറുത്തണെന്നും അതിർത്തിയിലെ ജനങ്ങളെ ഉന്നമിടുന്നത് പാക് സൈന്യം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യയുമായി ഒരു പരമ്പരാഗത യുദ്ധത്തിൽ തോൽക്കുന്ന ഘട്ടം വന്നാൽ പാകിസ്ഥാൻ ആണവായുധം പ്രയോഗിച്ചേക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൂചിപ്പിച്ചു. രണ്ട് ആണവായുധ രാജ്യങ്ങൾ യുദ്ധം ചെയ്‌താൻ അത് ആണവയുദ്ധത്തിൽ കലാശിക്കാമെന്നും അൽജസീറ ടെലിവിഷന് നൽകിയ ഇന്റർവ്യൂവിൽ ഇമ്രാൻ പറഞ്ഞു. മൂന്നാം തവണയാണ് ഇമ്രാൻ ആണവയുദ്ധത്തെ പറ്റി മുന്നറിയിപ്പ് നൽകുന്നത്.
നിയന്ത്രണ രേഖയിലെ നികിയാൽ, ജന്ദ്രോത്ത് സെക്‌ടറുകളിൽ ശനിയാഴ്‌ച ഇന്ത്യൻ സേന വെടിനിറുത്തൽ ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാൻ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശമന്ത്രാലയ വക്താവ് രവീഷ് കുമാർ പാകിസ്ഥാന്റെ വെടിനിറുത്തൽ ലംഘനങ്ങളുടെ കണക്ക് നിരത്തിയത്.
അതിർത്തിയിലെ പാക് സൈന്യത്തിന്റെ പ്രകോപനങ്ങളോട് ഇന്ത്യ സംയമനം പാലിക്കുകയാണെന്നും ഭീകരർക്ക് നുഴഞ്ഞുകയറാൻ പാക് സൈന്യം സഹായം ചെയ്യുകയാണെന്നും രവീഷ് കുമാർ പറഞ്ഞു. കാശ്‌മീരിൽ ഇന്ത്യ മനുഷ്യാവകാശലംഘനം നടത്തുന്നു എന്ന് തുടങ്ങി ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ പാകിസ്ഥാൻ യു.എൻ സമ്മേളനത്തിലും ഉന്നയിച്ചിരുന്നു.
യുദ്ധത്തിന് എല്ലാ സാദ്ധ്യതയും : ഇമ്രാൻ
താൻ സമാധാന കാംക്ഷിയാണെങ്കിലും ഇന്ത്യയുമായി ഒരു യുദ്ധത്തിനുള്ള എല്ലാ സാദ്ധ്യതയുമുണ്ടെന്ന് വിശ്വസിക്കുന്നു എന്നാണ് ഇമ്രാൻ അൽജസീറയോട് പറഞ്ഞത് . ഇന്ത്യയുമായുള്ള പരമ്പരാഗത യുദ്ധത്തിൽ പാകിസ്ഥാൻ തോൽക്കാനാണ് സാദ്ധ്യത. കീഴടങ്ങലിനും പോരാട്ടത്തിനും ഇടയിലാണ് രാജ്യം എത്തുന്നതെങ്കിൽ, എനിക്കറിയാം, പാകിസ്ഥാനികൾ അവരുടെ സ്വാതന്ത്യത്തിനുവേണ്ടി മരണം വരെ പോരാടുന്നവരാണ്. തീർച്ചയായും ആണവായുധ ശേഷിയുള്ള ഒരു രാജ്യം അതിന്റെ അന്ത്യം വരെ അല്ലെങ്കിൽ മരണം വരെ പോരാടുക എന്ന് പറഞ്ഞാൽ അതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും എന്നാണ് അർത്ഥം.അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രമായി ഒതുങ്ങില്ല. അതുകൊണ്ടാണ് സമാധാനത്തിന് വേണ്ടി കാശ്‌മീർ പ്രശ്നത്തിൽ ഞാൻ യു.എന്നിലും മറ്റ് അന്താരാഷ്‌ട്ര വേദികളിലും എത്തുന്നത്. ഇന്ത്യയുമായി ചർച്ചയ്ക്ക് ഞാൻ ശ്രമിച്ചു. എന്നാൽ പാകിസ്ഥാനെ സാമ്പത്തികമായി പാപ്പരാക്കാനാണ് ഇന്ത്യ ശ്രമിച്ചത്. അങ്ങനെയാണ് ഞാൻ പിന്മാറിയത്.