അമരാവതി: ആന്ധ്രപ്രദേശിലെ ഗോദാവരി നിദിയിൽ വിനോദസഞ്ചാര ബോട്ട് കീഴ്മേൽ മറിഞ്ഞ് 13 പേർ മരിച്ചു. 37 പേരെ കാണാതായി. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. സംസ്ഥാന ടൂറിസം വകുപ്പിന്റെ ബോട്ടിൽ ആകെ 63 യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. 23 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ദേവിപട്ടണത്തിന് സമീപം ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തിൽനിന്ന് പാപ്പിക്കൊണ്ടലു മലയിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ദേശീയ ദുരന്തനിവാരണസേനയടക്കം എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. യാത്രക്കാരിൽ മിക്കവരും ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. മഴയെ തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ വിനോദയാത്ര ബോട്ടുകൾ ഇവിടെ തത്കാലം നിറുത്തിവച്ചിരുന്നു. നിയന്ത്രണം ഒഴിവാക്കിയ ദിവസമാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗോദാവരി നദിയിൽ നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ബോട്ടുകളുടെയും ലൈസൻസ് പിൻവലിച്ച മുഖ്യമന്ത്രി എല്ലാ ബോട്ടുകളും പരിശോധിച്ച് റിപ്പോർട്ട് നൽകാനും ഉത്തരവിട്ടിട്ടുണ്ട്.