flex-

ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ളക്സ് പൊട്ടിവീണു സ്കൂട്ടർ യാത്രക്കാരി ശുഭശ്രീ മരിച്ച സംഭവത്തിൽ വ്യാപകപ്രതിഷേധം തുടരുന്നതിനിടെ നിർണായക തീരുമാനവുമായി സൂപ്പർതാരങ്ങൾ. അനധികൃത ഹോർഡിംഗുകൾ ഒഴിവാക്കണമെന്ന് തമിഴ് നടന്മാരായ വിജയ്, സൂര്യ തുടങ്ങിയവർ ആരാധകരോട് ആവശ്യപ്പെട്ടു. തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിനത്തിൽ വലിയ കട്ടൗട്ടുകളും ഫ്ളക്സുകളും ഒഴിവാക്കണമെന്നും താരങ്ങൾ പറഞ്ഞു.

റിലീസിനൊരുങ്ങുന്ന തന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രമായ ബിഗിലിൽ കട്ടൗട്ടുകൾ പൂർണമായി ഒഴിവാക്കണമെന്നു പറഞ്ഞ വിജയ്‌, ജില്ലാ ഭരണകൂടം ഇത് ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിച്ചു. ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ്‌യുടെ പ്രസ്താവന. ഫ്ളക്സ് സംസ്കാരം തമിഴ്നാട്ടിൽനിന്നു പൂർണമായും ഒഴിവാക്കണമെന്നു സൂര്യ പറഞ്ഞു. ബാനറുകൾക്കും മറ്റും ചെലവാക്കുന്ന പണം സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്നും സൂര്യ വ്യക്തമാക്കി. ശുഭശ്രീയുടെ മരണം വേദനാജനകമാണെന്നും ചിന്തിക്കാതെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കിയാൽ നിരവധി ജീവനുകൾ നഷ്ടപ്പെടാതിരിക്കുമെന്നും മധുരയിലെ അജിത് ഫാൻസ് അസോസിയേഷൻ ഇറക്കിയ നോട്ടീസിൽ ചൂണ്ടിക്കാട്ടി. സ്കൂട്ടർ യാത്രികയായ യുവ എൻജിനിയർ ശുഭശ്രീ (23) കഴിഞ്ഞ വ്യാഴാഴ്ചയാണു നഗരത്തിൽ ഫ്ളക്സ് ബോർഡ് പൊട്ടിവീണു മരിച്ചത്. ബോർഡ് വീണു നിയന്ത്രണം തെറ്റിയ സ്കൂട്ടർ പിന്നാലെ എത്തിയ ലോറിക്കടിയിൽപ്പെടുകയായിരുന്നു.