കോഴിക്കോട്: അമിത നിരക്ക് കാരണം യാത്രക്കാർ കൈയൊഴിഞ്ഞ ഹംസഫർ എക്‌സ‌്‌പ്രസിനെ ട്രാക്കിൽ കയറ്റാൻ റെയിൽവേയുടെ ശ്രമം. ഇതിന്റെ ഭാഗമായി ഹംസഫർ എക്‌സ‌്‌പ്രസിൽ സ്ളീപ്പർ കോച്ചുകൾ ഘടിപ്പിക്കാൻ സോണൽ മാനേജർമാർക്ക് അധികാരം നൽകി.ആദ്യമായി ആനന്ദ് വിഹാർ - അലഹബാദ് ഹംസഫർ എക്‌സ‌്‌പ്രസിൽ നാല് സ്ളീപ്പർ കോച്ചുകൾ ഘടിപ്പിച്ചു. വടക്കൻ മേഖലാ റെയിൽവേയാണ് വെള്ളിയാഴ്ച മുതൽ സ്ളീപ്പർ കോച്ചുമായി സർവീസ് ആരംഭിച്ചിരിക്കുന്നത്.

ഇതോടൊപ്പം തത്കാൽ നിരക്കിലും കുറവ് വരുത്താൻ റെയിൽവേ തീരുമാനിച്ചു. ഇപ്പോൾ അടിസ്ഥാന ചാർജിന്റെ 1.5 ഇരട്ടിയാണ് ഹംസഫർ എക്‌സ‌്‌പ്രസിൽ തത്കാൽ നിരക്ക്. ഇത് മറ്റ് ട്രെയിനുകളിലെന്നപോലെ 1.3 ഇരട്ടിയായി കുറയ്ക്കും. യാത്രക്കാരുടെ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം ഉണ്ടാവുന്ന രാജ്യത്തെ 141 ട്രെയിനുകളിൽ ഉൾപ്പെടുന്നവയാണ് ഹംസഫർ എക്‌സ‌്‌പ്രസ്. ഈ ചാർജിൽ കുറവ് വരുത്താൻ കഴിഞ്ഞാഴ്ച തീരുമാനിച്ചിരുന്നു.

കേരളത്തിൽ രണ്ട് ജോടി ഹംസഫർ എക്‌സ‌്‌പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ആഴ്ചയിൽ രണ്ട് തവണ ഓടുന്ന കൊച്ചുവേളി - ബാനസ്‌വാഡി -കൊച്ചുവേളി ട്രെയിനും ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്തുന്ന തിരുനെൽവേലി - ഗാന്ധിധാം - തിരുനെൽവേലി ട്രെയിനും.സീസൺ അല്ലാത്ത സമയങ്ങളിൽ ഈ രണ്ട് ട്രെയിനുകളും പകുതി സീറ്റുകളിൽപോലും ആളില്ലാതെയാണ് സർവീസ് നടത്തുന്നത്. സ്ളീപ്പർ ക്ളാസ് കോച്ചുകൾ വരുന്നതോടെ സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ഗുണം ലഭിക്കും.

ഹംസഫർ എക്‌സ‌്‌പ്രസ്

2016 ലാണ് ആദ്യമായി ഹംസഫർ എക്‌സ‌്‌പ്രസ് ആരംഭിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്ന് ഡൽഹി കവാടമായ ആനന്ദ്‌വിഹാറിലേക്ക്. ഇപ്പോൾ 35 ജോടി ഹംസഫർ എക്‌സ‌്‌പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.എല്ലാ കോച്ചുകളും തേഡ് എ.സിയായിരിക്കും. എന്നാൽ സാധാരണ എക്‌സ‌്‌പ്രസ് ട്രെയിനുകളിലെ തേഡ് എ.സി നിരക്കിനെക്കാൾ 15 ശതമാനം കൂടുതലാണ്.

യാത്രക്കാർ കൈയൊഴിഞ്ഞതിനു കാരണം അമിത ചാർജ്

സാധാരണ തേഡ് എ.സി നിരക്ക് 1000 രൂപ

ഹംസഫർ എക്‌സ‌്‌പ്രസിൽ 1150

മറ്റ് ട്രെയിനുകളിൽ തത്കാൽ നിരക്ക് 1300

ഹംസഫർ എക്‌സ‌്‌പ്രസിൽ 1725 + അഞ്ച് ശതമാനം ജി.എസ്.ടി