modi-trump-

ന്യൂയോർക്ക്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ഈ മാസം 22ന് ഹൂസ്റ്റണിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന 'ഹൗഡി മോദി' എന്ന മെഗാ റാലിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിഥിയായി എത്തിയേക്കുമെന്ന് റിപ്പോർട്ട്. വൈറ്റ്ഹൗസിന്റെ ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ല.

ട്രംപ് എത്തിയാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ വ്യാപാര കരാർ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇറക്കുമതിച്ചുങ്കത്തിന്റെ പേരിൽ ഉഭയകക്ഷി വ്യാപാര ബന്ധം ഉലഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ വ്യാപാര കരാർ പ്രഖ്യാപിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടമാകും. അതുപോലെ കാശ്‌മീർ വിഷയം അന്താരാഷ്ട്രതലത്തിൽ ചർച്ചയായിരിക്കെ, ട്രംപ് മോദിക്കൊപ്പം വേദി പങ്കിടുന്നത് പാകിസ്ഥാന് ശക്തമായ സന്ദേശവുമാകും.

ഹൂസ്റ്റണിലെ1,30,000 വരുന്ന ഇന്ത്യൻ സമൂഹം അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ട് ബാങ്കാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന ട്രംപിന് മോദിയുടെ പേരിൽ അവരെ സ്വാധീനിക്കാനും ഇതൊരു അവസരമാണ്.

മൂന്നാം തവണയാണ് മോദി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ മെഗാ റാലികളിൽ പ്രസംഗിക്കുന്നത്. 2014ൽ ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലും 2016ൽ സിലിക്കൺ വാലിയിലുമായിരുന്നു മുൻ റാലികൾ. രണ്ടിലും 20,000ത്തിലേറെ ആളുകൾ പങ്കെടുത്തിരുന്നു.

ഈ മാസം 21 മുതൽ 27 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. 27നു രാവിലെ അദ്ദേഹം യു.എൻ പൊതുസഭയിൽ പ്രസംഗിക്കും. രണ്ടാമതും പ്രധാനമന്ത്രിയായ ശേഷം ആദ്യമാണ് മോദി യു.എന്നിൽ പ്രസംഗിക്കുന്നത്. മോദിക്ക് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പ്രസംഗിക്കുന്നുണ്ട്.

‘ഹൗ ഡി മോദി’

അമേരിക്കയിൽ 'ഹൗ ഡൂ യൂ ഡൂ?' എന്നതിനു പകരം ഉപയോഗിക്കുന്ന സൗഹൃദ അഭിവാദ്യമാണ് ഹൗഡി. എൻ‌.ആർ‌.ജി സ്റ്റേഡിയത്തിൽ നടക്കുന്ന സംഗമത്തിന് ആവേശകരമായ പങ്കാളിത്തമാണ് ലഭിക്കുന്നത്. കാണികളുടെ എണ്ണം അരലക്ഷം കവിഞ്ഞപ്പോൾ രജിസ്ട്രേഷൻ‌ അവസാനിപ്പിച്ചു. 30 കോടി പേർ തത്സമയ സംപ്രേഷണം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.