ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ ആണവ യുദ്ധ ഭീഷണിയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആണവായുധങ്ങൾ കൈയിലുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ സ്വാഭാവിക യുദ്ധം ഉണ്ടായാൽ പോലും അത് ആണവ യുദ്ധത്തിൽ കലാശിക്കാനാണ് സാദ്ധ്യത എന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞത്. ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വാർത്താ ചാനലായ അൽ ജസീറയുമായുള്ള അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം പറഞ്ഞത്. അന്താരാഷ്‌ട്ര രാജ്യങ്ങളുടെ പിന്തുണ നേടി അതിലൂടെ ഇന്ത്യയുമായി ആണവ യുദ്ധത്തിൽ ഏർപ്പെടാനുള്ള പാകിസ്ഥാന്റെ തന്ത്രമാണിതെന്നാണ് ഇന്ത്യ നിഗമിക്കുന്നത്.
'ആണവായുധങ്ങൾ കൈയിലുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാകുമ്പോൾ, അത് സാധാരണ യുദ്ധമാണെങ്കിൽ പോലും ആണവയുദ്ധത്തിലേക്ക് എത്താനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ചിന്തിക്കാൻ പറ്റാത്തത് സംഭവിക്കും. ഞങ്ങൾ(പാകിസ്ഥാൻ) യുദ്ധം ചെയ്യുമ്പോൾ തോൽക്കും എന്നൊരു അവസ്ഥ വരികയാണെങ്കിൽ(അങ്ങനെ സംഭവിക്കാതിരിക്കട്ടെ), ഒരു തിരഞ്ഞെടുപ്പ് നടത്താൻ ഞങ്ങൾ നിർബന്ധിതരാകുകയാണെങ്കിൽ, ഒന്നുകിൽ തോൽക്കണം, ഇല്ലെങ്കിൽ മരിക്കും വരെ സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്യണം. പാകിസ്ഥാനികൾ സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കുംവരെ പോരാടും എന്നെനിക്കറിയാം.' ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം ഉപയോഗിപ്പിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് ഇമ്രാൻ ഖാൻ പറഞ്ഞു.
എന്നാൽ ഈ ഭീഷണിയ്ക്ക് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യാനുള്ള തീരുമാനത്തിൽ കൈകടത്താൻ ശ്രമിച്ചുകൊണ്ട് ജമ്മു കാശ്മീർ പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് പാകിസ്ഥാൻ എന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. മതത്തിന്റെ പേരിൽ സ്ഥാപിതമായ പാകിസ്ഥാൻ എന്ന രാജ്യം 1971ൽ രണ്ടായെന്നും ഇനിയും ഈ മതരാഷ്ട്രീയം തുടർന്നാൽ പാകിസ്ഥാനെ വീണ്ടും കീറിമുറിച്ച് തരിപ്പണമാക്കുന്നതിൽ നിന്നും ഒരു ശക്തിക്കും ഇന്ത്യയെ തടയാനാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞിരുന്നു.ഇതിനുമുൻപ് ഇന്ത്യയുടെ 'ആണവായുധം ആദ്യം ഉപയോഗിക്കില്ല' എന്ന നയത്തിൽ മാറ്റം വന്നേക്കാമെന്നു രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.