ലണ്ടൻ: ഒടുവിൽ ടോയ്ലെറ്റ് വരെ അടിച്ചുകൊണ്ടുപോയി കള്ളന്മാർ. സംഗതി ടോയ്ലെറ്റ് ആയാലെന്താ സ്വർണല്ലേ എന്നാണ് കേട്ടവർ ചോദിക്കുന്നത്.
ബ്രിട്ടനിലെ ഒാക്സ്ഫോർഡ്ഷെയറിലെ ബ്ലെൻഹേം കൊട്ടാരത്തിൽ പ്രദർശനത്തിന് വെച്ചിരുന്ന ഗോൾഡൻ ടോയ്ലറ്റാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ബ്രിട്ടീഷ് സമയം രാവിലെ 4:50ന് കൊട്ടാരത്തിൽ അതിക്രമിച്ച് കടന്നാണ് മോഷണം നടത്തിയത്. ഏകദേശം ഏഴ് മിനിട്ടുകൾക്ക് ശേഷം നിയമനിർവഹണ വിഭാഗത്തിന് മോഷണത്തെക്കുറിച്ച് അറിവ് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലിസ് വൃത്തങ്ങൾ അറിയിച്ചു. മോഷ്ടാക്കൾ ഇരുചക്രവാഹനം ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്ലംബിംഗ് ചെയ്ത് വെച്ചിരുന്ന ടോയ്ലറ്റ് ഇളക്കി കൊണ്ടുപോയത് മൂലം കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും വെള്ളം പൊട്ടി പുറത്തേക്ക് ഒഴുകിയെന്നും പൊലീസ് പറഞ്ഞു.
ഇറ്റാലിയൻ കലാകാരൻ മൗരീസിയോ കാറ്റലാനാണ് പതിനെട്ട് കാരറ്റ് സ്വർണമുപയോഗിച്ച് ഈ ടോയ്ലറ്റ് നിർമ്മിച്ചത്. 2016ൽ ന്യൂയോർക്ക് സിറ്റിയിലെ ഗഗൻഹേമിലാണ് ടോയ്ലറ്റ് ആദ്യമായി പ്രദർശിപ്പിച്ചത്. കാഴ്ച്ചക്കാർക്ക് ഇത് ഉപയോഗിക്കാനും അനുവാദം നൽകിയിരുന്നു. കഴിഞ്ഞ 12നാണ് ഇത് ബ്ലെൻഹേം കൊട്ടാരത്തിൽ എത്തിയത്. ഒക്ടോബർ 27 വരെ അവിടെ പ്രദർശിപ്പിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. 1,000,000 അമേരിക്കൻ ഡോളറിലധികമാണ് ടോയ്ലറ്റിന്റെ ഇപ്പോഴത്തെ വില.