air-india

ന്യൂഡൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ 2018-19ൽ കുറിച്ച പ്രവർത്തന നഷ്‌ടം 4,600 കോടി രൂപ. ഉയർന്ന ഇന്ധനച്ചെലവും വിദേശ നാണയ വരുമാനത്തിലെ (ഫോറിൻ എക്‌സ്‌ചേഞ്ച് ലോസ്) ഇടിവുമാണ് തിരിച്ചടിയായത്. 8,400 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റ നഷ്‌ടം. അതേസമയം 26,400 കോടി രൂപയുടെ വരുമാനവും കഴിഞ്ഞവർഷം കമ്പനി നേടി.

നടപ്പു സാമ്പത്തിക വർഷത്തെ (2019-20) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) 175 - 200 കോടി രൂപയുടെ പ്രവർത്തന നഷ്‌ടം എയ‌ർ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ധന വിലവർദ്ധനയും ബാലാക്കോട്ട് ആക്രമണത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ വ്യോമപാത അടച്ചതുമാണ് ആദ്യപാദത്തിൽ എയർ ഇന്ത്യയെ വലച്ചത്. പാകിസ്ഥാൻ വ്യോമപാത അടച്ചതിലൂടെ മാത്രം പ്രതിദിനം മൂന്നു മുതൽ നാലുകോടി രൂപവരെ നഷ്‌ടമാണ് എയർ ഇന്ത്യയ്ക്കുണ്ടായത്.

പാകിസ്ഥാൻ വ്യോമപാത അടച്ചതിനാൽ, നടപ്പുവർഷത്തെ ആദ്യ നാലുമാസക്കാലയളവിൽ 430 കോടി രൂപയുടെ മൊത്ത നഷ്‌ടം എയർ ഇന്ത്യയ്ക്ക് ഉണ്ടായെന്നും വിലയിരുത്തപ്പെടുന്നു. 58,000 കോടി രൂപയുടെ കടബാദ്ധ്യതയുള്ള എയർ ഇന്ത്യ, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പാക്കേജിന്റെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നത്. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ കൈവശമാണ്. 2012ൽ യു.പി.എ സർക്കാരാണ് പത്തുവർഷ കാലാവധി നിശ്‌ചയിച്ച് 30,000 കോടി രൂപയുടെ രക്ഷാപാക്കേജ് പ്രഖ്യാപിച്ചത്.

സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനായി എയർ ഇന്ത്യയെ പൂർണമായി വിറ്റൊഴിയാൻ കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ശ്രമിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും എത്തിയിരുന്നില്ല. വിറ്റൊഴിൽ തീരുമാനം ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഈ വർഷം കുതിക്കും

ലാഭത്തിന്റെ റൺവേയിൽ

പ്രവർ‌ത്തന ലാഭത്തിന്റെ റൺവേയിലൂടെ ഈ വർഷം കുതിക്കാനാകുമെന്നാണ് എയർ ഇന്ത്യയുടെ പ്രതീക്ഷ. നിലവിൽ ഇന്ധനവില കുറഞ്ഞു നിൽക്കുകയാണ്. ഈ സ്ഥിതി തുടരുകയും രാഷ്‌ട്രീയ കാലാവസ്ഥ മെച്ചവുമാണെങ്കിൽ നടപ്പു സാമ്പത്തിക വർഷം 700-800 കോടി രൂപ പ്രവർത്തന ലാഭമായി നേടാനാകുമെന്ന് എയർ ഇന്ത്യ കരുതുന്നു.

മികവോടെ

'ലോഡ്‌ ഫാക്‌ടർ"

നിലവിൽ എയർ ഇന്ത്യയുടെ ലോഡ്‌ ഫാക്‌ടറും യീൽഡും മെച്ചപ്പെട്ടുവരുന്നത് ലാഭച്ചിറകിൽ പറക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് നൽകുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഒരു സർവീസിൽ എത്രമാത്രം സീറ്റുകൾ ബുക്ക് ചെയ്യപ്പെട്ടു എന്നതാണ് ലോഡ് ഫാക്‌ടർ കൊണ്ടുദ്ദേശിക്കുന്നത്. ശരാശരി ഉപഭോക്തൃ വരുമാനമാണ് യീൽഡ്.

41

എയർ ഇന്ത്യ നിലവിൽ 41 വിദേശ നഗരങ്ങളിലേക്കും 72 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. പുതുതായി, ടൊറന്റോയിലേക്ക് ഈ മാസവും നെയ്‌റോബിയിലേക്ക് നബംബറിലും സർവീസ് ആരംഭിക്കും.

₹58,000 കോടി

നിലവിൽ 58,000 കോടി രൂപയുടെ കടബാദ്ധ്യതയാണ് എയർ ഇന്ത്യയ്ക്ക് കണക്കാക്കുന്നത്. 2012ൽ യു.പി.എ സർക്കാർ പ്രഖ്യാപിച്ച 30,000 കോടി രൂപയുടെ രക്ഷാപാക്കേജിന്റെ ബലത്തിലാണ് കമ്പനിയുടെ പ്രവർത്തനം.