ചിക്കാഗോ: ആഴ്ചകൾക്ക് മുമ്പ് മരണപ്പെട്ട ഡോക്ടറുടെ വീട്ടിൽനിന്ന് കണ്ടെത്തിയത് ശാസ്ത്രീയമായി സംരക്ഷിക്കപ്പെട്ട നിലയിലുള്ള 2200 ഭ്രൂണങ്ങളുടെ അവശിഷ്ടങ്ങൾ. വിൽ കൗണ്ടി ഉദ്യോഗസ്ഥരാണു വിവരം പുറത്തുവിട്ടത്. ഭ്രൂണഹത്യ നടത്തുന്നതിൽ പേരെടുത്ത ഡോക്ടർ ഉൾറിച്ച് ക്ലോഫറുടെ ഇല്ലിനോയിസിലെ വീട്ടുപരിസരത്ത് നടത്തിയ പരിശോധനയിലാണ് ഭ്രൂണാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ മാസം മൂന്നിനാണു ക്ലോഫർ മരിച്ചത്.
ഭ്രൂണാവശിഷ്ടങ്ങൾ കണ്ടെത്തിയ ക്ലോഫറിന്റെ ബന്ധുക്കളാണ് അധികൃതരെ സംഭവം അറിയിച്ചത്. എന്നാൽ, ക്ലോഫർ വീട്ടിൽ വൈദ്യപരിശോധന നടത്തിയിരുന്നതിനോ ചികിൽസ നൽകിയിരുന്നതിനോ തെളിവൊന്നും കണ്ടെത്താനായില്ല. ഷിക്കാഗോയിൽ നിന്നു 72 കിലോമീറ്റർ ദൂരെയാണു വിൽ കൗണ്ടി. ക്ലോഫറുടെ വസ്തുവകകൾ അധികൃതർ കണ്ടുകെട്ടി.
ഇന്ത്യാനയിലെ സൗത്ത് ബെൻഡിൽ ഇയാൾക്കു ക്ലിനിക്ക് ഉണ്ടായിരുന്നെങ്കിലും 2016ൽ ലൈസൻസ് റദ്ദാക്കിയതിനെത്തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു. നിരുത്തരവാദപരമായി ചികിൽസ നടത്തിയതിനും രേഖകളിൽ കൃത്രിമം കാണിച്ചതിനുമാണു ലൈസൻസ് റദ്ദാക്കിയത്. 13 വയസുകാരിക്ക് അബോർഷൻ ചെയ്തതും ക്ലിനിക് പൂട്ടാൻ കാരണമായിരുന്നു. വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി.