ബംഗളൂരു: ആശയ വിനിമയം നഷ്ടപ്പെട്ട ചന്ദ്രയാൻ രണ്ടിന്റെ വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ കഴിഞ്ഞ ഒരാഴ്ചയായി ഐ.എസ്.ആർ.ഒയിലെ ഗവേഷകർ ശ്രമിക്കുകയാണ്. ഈ മാസം ഏഴിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിക്രം ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടത്. എന്നാൽ ഇപ്പോഴിതാ അവസാന ശ്രമമെന്ന നിലയിൽ പുതുവഴി തിരഞ്ഞെടുത്തിരിക്കുകയാണ് ഐ.എസ്.ആർ.ഒയിലെ ഗവേഷകർ. മഹാരാഷ്ട്രയിലെ ട്രോംബെയിലെ ഭാഭാ ആറ്റോമിക് റിസേർച്ച് സെന്ററിന് (ബാർക്ക്) വിക്രം ലാൻഡറെ ഉണർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 32 മീറ്റർ വ്യാസമുള്ള ഒരു ആന്റിനയാണ് ഉപയോഗിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ബാർക്ക് സെന്ററും ബംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌വർക്കിന്റെ ഭാഗമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എസിൽ) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ആന്റിനയ്ക്ക് വിക്രം ലാൻഡറുമായി സിഗ്നൽ സ്ഥാപിക്കാൻ ഒരു പങ്കുവഹിക്കാനാകുമെന്നാണ് കരുതുന്നത്. 32 മീറ്റർ ആന്റിനയ്ക്ക് ഒരു ടെന്നീസ് കോർട്ടിന്റെ അഞ്ചിരട്ടി വലുപ്പമുണ്ട്. 65 കോടി രൂപ ചെലവിട്ടാണ് ഈ ആന്റിന നിർമ്മിച്ചിരിക്കുന്നതെന്ന് ബാർക്കിന്റെ വക്തവ് അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 1, മാർസ് ഓർബിറ്റർ മിഷൻ എന്നിവയ്ക്കും ഇതേ ആന്റിന ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി
ആന്റിന ബഹിരാകാശ പേടകത്തിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുകയും ബഹിരാകാശ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് ബഹിരാകാശ പേടകത്തിലേക്ക് കമാൻഡുകൾ കൈമാറുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ രണ്ട് വഴികളുള്ള ആശയവിനിമയം ആന്റിനയിൽ പ്രവർത്തിക്കുന്നുണ്ട്. ജൂലായ് 22നാണ് ഐ.എസ്.ആർ.ഒ ചന്ദ്രയാൻ 2 വിക്ഷേപിച്ചത്.