ന്യൂഡൽഹി: ഒരു ജനതയുടെ ദൃശ്യസംസ്കാരത്തിന് തുടക്കമിട്ട് കൊണ്ട് ദൂരദർശൻ ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നലെ 60 വർഷം പൂർത്തിയായി. 1959 സെപ്തംബർ 15നാണ് ദൂരദർശൻ ചാനൽ പ്രവർത്തനമാരംഭിക്കുന്നത്. ട്വിറ്ററടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ പഴയകാല ഡിഡി ഓർമ്മകൾ പങ്കിട്ടുകൊണ്ട്, ഏതാണ് നിങ്ങളുടെ പ്രിയപരിപാടി എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആളുകൾ ദൂരദർശന്റെ 60-ാം വയസ് ആഘോഷമാക്കിയത്. മഹാഭാരത, ഫൗജി, മാൽഗുഡി ഡേയ്സ് തുടങ്ങിയ സീരിയലുകളുടെ പേരുകളും വിവിധ ഹാഷ്ടാഗുകളിൽ പ്രത്യക്ഷപ്പെട്ടു.
ഒരു ചെറിയ ട്രാൻസ്മിറ്ററിലും താത്കാലിക സ്റ്റുഡിയോയിലുമായിരുന്നു ദൂരദർശന്റെ ആദ്യകാല പ്രവർത്തനം.
ടെലിവിഷൻ സംപ്രേഷണം തുടങ്ങി 17 വർഷങ്ങൾക്കുശേഷമാണ് ദൂരദർശൻ കളർ സംപ്രേഷണം ആരംഭിച്ചത്. ദൂരദർശന്റെ ദേശീയ പ്രക്ഷേപണം 1982ലാണ് ആരംഭിച്ചത്. 82-ലെ സ്വാതന്ത്ര്യ ദിന പരേഡും ഏഷ്യാഡും ദൂരദർശൻ ലൈവായി സംപ്രേഷണം ചെയ്തത് പ്രേക്ഷകർക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്. ഹം ലോഗ്, ബുനിയാദ്, രാമായണം, മഹാഭാരതം പരമ്പരകളും രംഗോലി, ചിത്രഹാർ, തുടങ്ങിയ ജനകീയ പരിപാടികളിലൂടെയും എൺപതുകളെ ദൂരദർശൻ സുരഭിലമാക്കി. ദൂരദർശനിലൂടെയാണ് മാധുരി ദീക്ഷിതും, ജൂഹി ചൗളയും, റാണി മുഖർജിയും, കജോളും, ഷാരൂഖ് ഖാനും, സൽമാൻ ഖാനുമെല്ലാം മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടുംപാടിയെത്തിയത്.
ദേശീയോദ്ഗ്രഥനത്തെയും മത മൈത്രിയെയും പ്രോത്സാഹിപ്പിക്കുന്നതിൽ നാഷണൽ ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ ശ്ലാഘനീയമായിരുന്നു ദൂരദർശന്റെ പ്രവർത്തനങ്ങൾ. ദേശീയ അഖണ്ഡത, ഐക്യം എന്നിവ പ്രചരിപ്പിക്കുന്നതിനായി 1988ൽ ദൂരദർശനിൽ പ്രക്ഷേപണം ചെയ്തു പോന്നിരുന്ന ” മിലേ സുർ മേരാ തുമാര,” “ദേശ് രാഗ്” പോലുള്ള പ്രൊഡക്ഷൻസ് രാജ്യത്തിന്റെ തന്നെ സ്വരമായി മാറുകയായിരുന്നു. 60 വർഷങ്ങൾക്കിപ്പുറവും ഗൃഹാതുരതയുണർത്തുന്ന ദൂരദർശന് നന്ദി......