ന്യൂഡ‌ൽഹി: ഒരിടക്കാലത്തിന് ശേഷം വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യൻ മൂലധന വിപണിയിലേക്ക് പണമൊഴുക്കുന്നു. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച സൂപ്പർ റിച്ച് ടാക്‌സ് ഉൾപ്പെടെയുള്ള നിർദേശങ്ങളിൽ പ്രതിഷേധിച്ച് പിൻവലിഞ്ഞിരുന്ന വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ‌ (എഫ്.പി.ഐ) ഈ മാസം ഇതുവരെ 1,841.17 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിൽ നടത്തി.

അതേസമയം, ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം നഷ്‌ടപ്പെടുക തന്നെയാണ്. ഈമാസം ഇതുവരെ 2,031 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞു. കടപ്പത്ര വിപണിയിലേക്ക് 3,872 കോടി രൂപ എത്തിയതോടെയാണ്, മൂലധന വിപണിയുടെ നേട്ടം 1,841 കോടി രൂപയായി നിജപ്പെട്ടത്. ആഗസ്‌റ്രിൽ 5,920 കോടി രൂപയും ജൂലായിൽ 2,986 കോടി രൂപയും ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് കൊഴിഞ്ഞിരുന്നു.