ഹൈദരാബാദ്: ലോകത്ത് ഏറ്റവും കൂടിയ പ്രായത്തിൽ അമ്മയായ റെക്കാഡിനുടമ ആന്ധ്രാ സ്വദേശി എറാമാട്ടി മങ്കയമ്മയെ സ്‌ട്രോക്ക് വന്നതിനെ തുടർന്ന് അതീവസുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സിസേറിയനുശേഷം സുഖം പ്രാപിച്ചു വരികയായിരുന്ന മങ്കയമ്മക്ക് കഴിഞ്ഞ ദിവസമായിരുന്നു സ്‌ട്രോക്ക് ഉണ്ടായത്. പ്രസവസമയത്തുണ്ടായ രക്തസമ്മർദം കുറയ്ക്കാനായി മങ്കയമ്മയെ നേരത്തെ തന്നെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.
മങ്കയമ്മയുടെ ഭർത്താവ് 82കാരനായ സീതാരാമ രാജാറാവുവിനെ കുഞ്ഞുങ്ങൾ പിറന്നതിന്റെ അടുത്ത ദിവസം തന്നെ ഹൃദയാഘാതത്തെ തുടർന്ന് ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവരികയാണ്.
സെപ്തംബർ അഞ്ചിനാണ് കോതപേട്ടിലെ അഹല്യ ആശുപത്രിയിൽ 74കാരിയായ മങ്കയമ്മ ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയത്. എറാമാട്ടി മങ്കയമ്മയാണ് വിവാഹം കഴിഞ്ഞ് 57ാം വർഷത്തിൽ കൃത്രിമ ഗർഭധാരണത്തിലൂടെ ഇരട്ടകളെ പ്രസവിച്ചത്. കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇരുവരും രണ്ടു കിലോയിൽ കൂടുതൽ ഭാരമുണ്ട്.