jammu-kasmir-

ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്‌വരയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾക്ക് എതിരെയുമുള്ള ഹർജികളും ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എസ്. അബ്ദുൾ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചാവും ഹർജികൾ പരിഗണിക്കുക.

ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ് അടക്കമുള്ളവർ സമർപ്പിച്ചിട്ടുള്ള ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുക.

കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണുന്നതിന് കാശ്മീർ സന്ദർശിക്കാൻ തനിക്ക് അനുമതി നൽകണമെന്ന ആവശ്യവുമായാണ് ഗുലാം നബി ആസാദ് കോടതിയെ സമീപിച്ചിട്ടുള്ളത്. 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കുശേഷം കാശ്മീർ സന്ദർശിക്കാൻ ആസാദ് ശ്രമം നടത്തിയെങ്കിലും അധികൃതർ വിമാനത്താവളത്തിൽനിന്ന് തിരിച്ചയയ്ക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള ജമ്മുകാശ്മീർ പീപ്പിൾസ് കോൺഫറൻസും ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

രാജ്യസഭാ എം.പിയും എം.ഡി.എം.കെ സ്ഥാപകനുമായ വൈകോയുടെ ഹർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹർജി, മാദ്ധ്യമങ്ങൾക്കുള്ള നിയന്ത്രണങ്ങൾക്കെതിരെ കാശ്മീർ ടൈംസ് എഡിറ്റർ സമർപ്പിച്ച ഹർജി തുടങ്ങിയവയാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് നേരത്തേ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.