കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയിൽ സ്ഥാനാർത്ഥിയെ ചൊല്ലി പൊട്ടിത്തെറി. എൻ.സി.പി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 42 പേർ പാർട്ടി വിട്ടതായി റിപ്പോർട്ട്. പാർട്ടിയെ ഏകാധിപത്യ പ്രവണതയിലും മാണി സി കാപ്പന്റെ സ്ഥാനാർത്ഥിത്വത്തിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. ഇവർ രാജിക്കത്ത് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്ക് കൈമാറി.
മാണി സി.കാപ്പന് പാലായിൽ വിജയ സാദ്ധ്യതയില്ല. അവഗണനയെ തുടർന്നു പാർട്ടിയിൽ തുടരാൻ ഇല്ലെങ്കിലും മറ്റൊരു പാർട്ടിയിലും ചേരില്ല. ഉഴവൂർ വിജയൻ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിക്കുകയാണെന്ന് ജേക്കബ് ആരോപിച്ചു. വരും ദിവസങ്ങളിൽ പാർട്ടിയിൽ നിന്ന് കൂടുതൽ രാജിയുണ്ടാകുമെന്നും ജേക്കബ് പ്രതികരിച്ചു.
അതേസമയം, എൻ.സി.പി പ്രവർത്തകരുടെ രാജിയിൽ പ്രതികരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ രംഗത്തെത്തി. കുറച്ചു പേർ പാർട്ടി വിട്ടതിനെ തുടർന്ന് പാലായിൽ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. യു.ഡി.എഫിലേതു പോലെ എൽ.ഡി.എഫിലും പ്രശ്നങ്ങളുണ്ടെന്നു വരുത്തിതീർക്കാൻ ചിലരെ ചട്ടുകമാക്കിയെന്നും പാർട്ടിവിട്ടവർ പുറത്തു തന്നെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.