jairam-ramesh

ബംഗളുരു: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ ആശയങ്ങളെ കൈവെടിഞ്ഞാൽ ഇന്ത്യ മരിക്കുമെന്ന പ്രസ്താവനയുമായി പ്രമുഖ കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ജയറാം രമേഷ്. നെഹ്രുവിന്റെ പാരമ്പര്യത്തെ അപമാനിക്കാനും ഇല്ലാതാക്കാനും ഏതാനും ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരുവിൽ എം. വിശ്വേശരയ്യ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജയറാം രമേഷ്.

'ഒരു രാജ്യം ഒരു നികുതി നാം നടപ്പിലാക്കിയിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം ഒരിക്കലും യാഥാർത്ഥ്യമാവില്ല. നമ്മൾ ഒരു രാഷ്ട്രമാണ് എന്നാൽ ഒരുപാട് ഭാഷകളുണ്ട് നമ്മുക്ക്. ഒരു രാഷ്ട്രമാണെങ്കിലും നമ്മുക്ക് ഒരുപാട് രാഷ്ട്രങ്ങളുണ്ട്. ഞാനിപ്പോൾ നിങ്ങളോടു ഹിന്ദിയിലും ഇംഗ്ളീഷിലും കന്നടയിലും സംസാരിച്ചു. ഈ ആശയം വ്യക്തമാക്കുന്നതിന് വേണ്ടിയായിരുന്നു അത്'- ജയറാം രമേഷ് പറഞ്ഞു. കർണാടക ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ളവർ സന്നിഹിതരായിരുന്ന വേദിയിൽ വച്ചാണ് അദ്ദേഹം തന്റെ പ്രസംഗം നടത്തിയത്.

ലോകത്തിന് മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏതാനും ദിവസം മുൻപ് പരാമർശിച്ചതാണ് 'ഹിന്ദി' വിവാദത്തിന് തിരികൊളുത്തിയത്. ഷായുടെ ട്വിറ്ററിലെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഡി.എം.കെ നേതാവ് സ്റ്റാലിൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി നിരവധിപേർ അമിത് ഷായ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.