കാക്കനാടന്റെ ഓർമ്മകളെ അടയാളപ്പെടുത്തി ' എന്റെ ബേബിച്ചായൻ'
കൊല്ലം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി ജോലി കിട്ടിയിട്ടും വിസാപ്രശ്‌നം കാരണം പോകാൻ പറ്റാത്തതിന്റെ ദേഷ്യത്തിലും സങ്കടത്തിലുമാണ് യാത്ര.
എങ്കിലും അയാൾ പേര് ചോദിച്ചപ്പോൾ അനിഷ്‌ടം മറച്ചുവയ്‌ക്കാതെ പറഞ്ഞു. ഏലിയാമ്മ... പുള്ളിക്കെന്തോ ആ പേരത്ര ഇഷ്‌ടപ്പെട്ടില്ലെന്ന് തോന്നി.
ഒാരോ സ്ഥലം കഴിയുമ്പോഴും പുള്ളിക്കാരൻ ടിക്കറ്റ് മാറ്റി മാറ്റി എടുക്കുന്നു. ഇയാളെന്താ ഇറങ്ങാത്തത്, വട്ടാണോ എന്നു മനസിൽ വിചാരിച്ചു.
ധോളക്കുവയിൽ തന്നെയാണ് അങ്ങേരും ഇറങ്ങിയത്. ആദ്യമായി കണ്ടതാണ്. പക്ഷേ, ഇറങ്ങുമ്പോൾ ടിക്കറ്റിനു പിന്നിൽ മേൽവിലാസം കുറിച്ച് എന്റെ മടിയിലേക്കിട്ടു.
എന്തുകൊണ്ടോ ആ ടിക്കറ്റ് കളയാൻ തോന്നിയില്ല. കൈയിൽ ചുരുട്ടിപ്പിടിച്ചു. ബസിറങ്ങിയിട്ടും ചെറുപ്പക്കാരൻ എന്നെ വിടാതെ കറങ്ങുകയാണ്. ‘നാളെ ഞാനിവിടെ വന്നുനിൽക്കും, ഈ സമയത്ത് ഇവിടെ വരണം’ എന്നു പറഞ്ഞപ്പോൾ വരാമെന്നു വെറുതെ പറഞ്ഞു.
ആ ക്ഷണം അദ്ദേഹത്തിന്റെ ജീവിതത്തിലേക്കായിരുന്നു.
എവിടേക്കു പോകാനാണ് അദ്ദേഹം ആ ബസിൽ കയറിയതെന്ന് ഒരിക്കലും ചോദിച്ചിട്ടില്ല.
ഒരുപക്ഷേ, എന്റെ ജീവിതത്തിലേക്കുള്ള ബസ് കാത്തുനിൽക്കാൻ ദൈവം അദ്ദേഹത്തെ അവിടെ നിർത്തിയതാകാം.
കാക്കനാടനെ ആദ്യം കണ്ടതിനെ കുറിച്ച് ' എന്റെ ബേബിച്ചായൻ' എന്ന പുസ്‌തകത്തിൽ അമ്മിണി കാക്കനാടൻ കുറിച്ചത് ഇങ്ങനെയാണ്. കാക്കനാടനുള്ള അക്ഷരോദകമായാണ് അമ്മിണി കാക്കനാടൻ ' എന്റെ ബേബിച്ചായൻ' എഴുതിയത്. ആ പുസ്‌തകത്തിന്റെ എല്ലാ പുറങ്ങളിലും തീവ്രമായ ഭാഷയാൽ മലയാളിയുടെ ചിന്താബോധത്തെ പിടിച്ചുകുലുക്കിയ കാക്കനാടനെന്ന മഹാപ്രതിഭയെ അടുത്തറിയാം. കാക്കനാടന്റെ എഴുത്ത് വഴിയേ നിഴവും നിലാവുമായി എക്കാലവും നടന്ന അമ്മിണിയെ എഴുതാൻ കാക്കനാടൻ പലപ്പോഴും പ്രേരിപ്പിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ എഴുതുകയെന്ന നിയോഗമാണ് കാലം അമ്മിണിക്കായി കരുതിവെച്ചത്.