khattar-

ചണ്ഡീഗഡ്: ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) ഹരിയാനയിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. റിട്ട. ജസ്റ്റിസ് എച്ച്.എസ്. ഭല്ല, മുൻ നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഖട്ടറിന്റെ പ്രഖ്യാപനം. പ്രഖ്യാപനത്തെ കോൺഗ്രസ് പ്രചാരണ കമ്മിറ്റി അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ സ്വാഗതം ചെയ്തു. ഹരിയാനയിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ പൗരത്വ പട്ടിക കൊണ്ടുവന്നേക്കുമെന്നാണ് സൂചനകൾ. സംസ്ഥാനത്തെ ജനങ്ങൾക്ക് കുടുംബ തിരിച്ചറിയൽ കാർഡ് അതിവേഗം നടപ്പാക്കുകയാണ്. ഇതിലെ വിവരങ്ങൾ പൗരത്വ പട്ടികക്ക് വേണ്ടി ഉപയോഗിക്കും -മുഖ്യമന്ത്രി പറഞ്ഞു.ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായി പ്രവർത്തിച്ച ജസ്റ്റിസ് ഭല്ലയുടെ നിർദേശങ്ങൾ ലഭിച്ചതായും ഹരിയാനയിൽ നടപ്പാക്കാൻ അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തതായും ഖട്ടർ പറഞ്ഞു. ഖട്ടറിന്റെ പ്രസ്താവനയെ പിന്തുണച്ചാണ് ഹൂഡ പ്രതികരിച്ചത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തേണ്ടത് സർക്കാരിന്റെ കടമയാണെന്ന് ഹൂഡ പറഞ്ഞു. നേരത്തെ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും ഹൂഡ പിന്തുണച്ചിരുന്നു.