കണ്ണൂർ: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാൻ തീരുമാനിച്ച കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് മലയാള സാഹിത്യ കുലപതി ടി.പദ്മനാഭൻ. കാശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ മോദി സർക്കാരിന്റെ തീരുമാനത്തെ താൻ അനുകൂലിക്കുന്നുവെന്നും ടി.പദ്മനാഭൻ വ്യക്തമാക്കി. കാശ്മീരിന് വേണ്ടി ഹൃദയം നൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡി.വൈ.എഫ്.ഐക്കാരും, 'പുരോഗമന' സാഹിത്യകാരന്മാരും കാശ്മീരി പണ്ഡിറ്റുകളെ കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണ്ഡിറ്റുകൾക്കും മനുഷ്യാവകാശമുണ്ടെന്ന കാര്യം അവർ വിസ്മരിക്കുകയാണെന്നും കഥാകൃത്ത് പറഞ്ഞു. ഒരു വാരികയുടെ വാർഷിക പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബ്രസീലിൽ ആമസോൺ കാടുകൾ കത്തുമ്പോൾ മാത്രം ഡി.വൈ.എഫ്.ഐക്കാർ പ്രകടനം നടത്തുമെന്നും എന്നാൽ പശ്ചിമഘട്ടം നശിപ്പിക്കപ്പെടുമ്പോൾ അവർ പ്രതികരിക്കാറില്ലെന്നും ടി.പദ്മനാഭൻ പറഞ്ഞു. സാംസ്കാരിക മന്ത്രി എ.കെ ബാലനെതിരെയും കഥാകൃത്ത് വിമർശനം അഴിച്ചുവിട്ടു. കാർട്ടൂൺ വിവാദത്തിൽ 'പള്ളിക്കാരെയും അച്ചന്മാരെയും' എ.കെ. ബാലൻ സംരക്ഷിച്ചുവെന്നും അവർക്ക് വേണ്ടിയാണ് കാർട്ടൂൺ വരച്ചയാൾക്ക് നൽകാനുള്ള അവാർഡ് അദ്ദേഹം 'ഫ്രീസറിൽ' വച്ചതെന്നും ടി.പദ്മനാഭൻ പറഞ്ഞു. ഇക്കാര്യമൊന്നും വിളിച്ച് പറയാൻ തനിക്ക് ഒരു മടിയുമില്ലെന്നും നാറാണത്ത് ഭ്രാന്തനാണ് തന്റെ റോൾ മോഡലെന്നും കൂടി കഥാകൃത്ത് കൂട്ടിച്ചേർത്തു. ഇടതുപക്ഷ സഹയാത്രികൻ എന്ന പേരിൽ അറിയപ്പെടുന്നയാളാണ് ടി.പദ്മനാഭൻ.
ഗാന്ധിയൻ എന്ന് വിളിപ്പേരുള്ള പലരും ഫ്രോഡുകളാണെന്നും താൻ ഗാന്ധിയൻ കോൺഗ്രസുകാരൻ ആണെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും പദ്മനാഭൻ വ്യക്തമാക്കി. സാംസ്കാരികരംഗത്തെ പലരും രാഷ്ട്രീയത്തിലൂടെയാണ് വന്നതെന്നും എന്നാൽ എന്നാൽ ഒ.എൻ.വിയും എം.ടിയും ഇത്തരത്തിൽ വന്നതാണെന്ന മുൻ എസ്.എഫ്.ഐ നേതാവും യുവജനബോർഡ് ചെയർപേഴ്‌സണുമായ ചിന്ത ജെറോമിന്റെ അഭിപ്രായം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വിമോചന സമരത്തിനെതിരെ ലേഖനം എഴുതിയ ഞാൻ ഇടതുപക്ഷക്കാരനാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവർ പോയി തൂങ്ങിച്ചാകണമെന്നും താൻ ഇടതുപക്ഷത്തെ എക്കാലത്തും വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.