ആവശ്യത്തിന് ലൂബ്രിക്കേഷൻ(സ്‌നിഗ്‌ധത) ഇല്ലെങ്കിൽ ലൈംഗിക ബന്ധം ഏറെ പ്രയാസകരമായിരിക്കും. സ്ത്രീക്കും പുരുഷനും തങ്ങളുടെ ലൈംഗികാവയവങ്ങളിൽ ലൂബ്രിക്കേഷൻ പുറപ്പെടുവിക്കാനുള്ള സംവിധാനമുണ്ട്. ശരീരം തന്നെയാണ് അതിനായി പ്രവർത്തിക്കുക. എന്നാൽ താത്പര്യമില്ലായ്മ, അസുഖങ്ങൾ, പൂർവരതീക്രീഡയുടെ അഭാവം, എന്നിവ കാരണം ലൈംഗികബന്ധത്തിന് ആവശ്യമായ ലൂബ്രിക്കേഷൻ അവയവങ്ങൾ പുറപ്പെടുവിക്കാത്ത അവസ്ഥ വരാറുണ്ട്. ഇതിനെ പ്രതിരോധിക്കാൻ പലരും സ്വന്തം ഉമിനീര് തങ്ങളുടെയും ലൈംഗിക പങ്കാളിയുടെയും അവയവത്തിൽ പുരട്ടുകയാണ് ചെയ്യുക. അവയവങ്ങളിൽ വഴുവഴുപ്പ് വരുത്തി പ്രവേശനം സുഗമമാക്കാനും അതുവഴി ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാനും വേണ്ടിയാണ് ഇത് ചെയുന്നത്.
എന്നാൽ ഇത്തരത്തിൽ ലൈംഗിക ബന്ധത്തിന് ഉമിനീര് ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടമാണെന്നാണ് വിദഗ്ദർ പറയുന്നത്. പങ്കാളിയുടെ വായിൽ നിന്നും വരുന്ന ഉമിനീരിൽ ബാക്ടീരിയകളുടെ സാന്നിധ്യം തീർച്ചയായും ഉണ്ടാകും. പങ്കാളിയുടെ തൊണ്ടയിലോ, വായിലോ എന്തെങ്കിലും രോഗമുണ്ടെങ്കിൽ പറയുകയും വേണ്ട. ഇത് യീസ്റ്റ് ഇൻഫെക്‌ഷൻ, ജെനിറ്റൽ ഹെർപ്പീസ് മുതൽ ഗൊണോറിയ വരെയുള്ള മാരക ലൈംഗിക രോഗങ്ങൾ വരുന്നതിനും കാരണമാകും. യോനിയിലെ വഴുവഴുപ്പില്ലായ്മ കുറയ്ക്കുന്നതിന് വേണ്ടിയാണ് ലൈംഗിക പങ്കാളികൾ പൊതുവെ ഉമിനീര് ഉപയോഗിക്കുക. എന്നാൽ ഉമിനീരിന് ലൂബ്രിക്കേഷൻ ഇല്ലായ്മ പരിഹരിക്കാൻ ആകില്ലെന്നതാണ് വസ്തുത. മാത്രമല്ല ഉമിനീര് പെട്ടെന്ന് ഉണങ്ങുകയും ചെയ്യും. ലൂബ്രിക്കേഷൻ ആവശ്യമാണെങ്കിൽ അതിനായി മരുന്ന് കടകൾ വഴി ലഭ്യമായ കൃത്രിമ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.