saudi

റിയാദ്: ആഗോളതലത്തിൽ എണ്ണവില കുത്തനെ കൂടി. അസംസ്കൃത എണ്ണവില 20ശതമാനം കൂടി ബാരലിന് 70 ഡോളറായി. സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ എണ്ണപ്പാടത്തും ശുദ്ധീകരണ പ്ലാന്റിലും ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് വില വർദ്ധനവ്. 28 വർഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനവാണിത്. ബാരലിന് 80 ഡോളർ വരെ വില വർദ്ധിക്കുമെന്ന് റിപ്പോർട്ടുണ്ട്.

ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം പകുതിയായിരുന്നു. ഇതോടെ പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയാണ് നഷ്ടമാവുക. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലിൽ നിന്ന് 41ലക്ഷം ബാരലായി കുറയും. ലോകത്തെ പ്രതിദിന എണ്ണ വിതരണത്തിൽ അഞ്ച് ശതമാനമാണ് കുറയുന്നത്.

കനത്ത നാശനഷ്ടമുണ്ടായ ബുഖ്‍യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും പുനരുദ്ധാരണ നടപടികൾ പുരോഗമിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണ് ബുഖ്‍യാഖിലേത്. ലോകത്തെ പ്രതിദിന എണ്ണ വിതരണം പത്ത് കോടി ബാരലാണ്. അതിന്റെ പത്ത് ശതമാനം ആണ് സൗദി ഉൽപ്പാദിപ്പിക്കുന്നത്. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ സൗദിയിൽ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇറാനെതിരായ അമേരിക്കൻ നീക്കം ശക്തമാക്കിയതോടെ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഭൂരിഭാഗവും ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്.

അതേസമയം പ്രതിസന്ധി രൂക്ഷമായാൽ കരുതൽ ശേഖരം ഉപയോഗിക്കാനുള്ള നടപടികൾ അമേരിക്ക തുടങ്ങിക്കഴിഞ്ഞു. യെമനിൽ നിന്നാണ് ആക്രമണം നടന്നത് എന്നതിന് തെളിവില്ലെന്നും ഇറാനിലാണ് തെളിവുള്ളതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഹൂതി വിമതർക്ക് ഇറാന്റെ പിന്തുണയുള്ളതാണ് അദ്ദേഹം സൂചിപ്പിച്ചത്. യെമനേക്കാൾ സൗദി എണ്ണകേന്ദ്രങ്ങളോട് അടുത്തു കിടക്കുന്നതും ഇറാന് സ്വാധീനമുള്ളതുമായ ഇറാക്കിൽ നിന്നാണ് ആക്രമണം നടന്നതെന്നും സൂചനയുണ്ട്. ഗൾഫ് മേഖലയിലെ സംഘർഷത്തിന് അയവു വരുത്താനുളള ശ്രമങ്ങൾക്ക് ഇറാൻ തുരങ്കം വച്ചതായും യു.എസ് ആരോപിച്ചു.