ധമാക്ക എന്ന ചിത്രത്തിൽ നടൻ മുകേഷിനെ ശക്തിമാനായി അവതരിപ്പിച്ച സംഭവത്തിൽ സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി 'ഒറിജിനൽ ശക്തിമാൻ' മുകേഷ് ഖന്ന രംഗത്ത് വന്നത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ശക്തിമാനായി മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്നിരുന്ന മുകേഷ് ഖന്നതന്നെയാണ് ഇതുസംബന്ധിച്ച് ഫെഫ്ക യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർക്ക് പരാതി അയച്ചത്. ശക്തിമാൻ കഥാപാത്രത്തിന്റെ പകർപ്പാവകാശം തനിക്കാണെന്നും തന്റെ അനുവാദമില്ലാതെയാണ് ഒമർ ലുലു ചിത്രത്തിൽ നടൻ മുകേഷിനെ ആ വേഷത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഒമർ ലുലു ഈ നീക്കത്തിൽ നിന്നും പിൻമാറണമെന്നും ഇല്ലെങ്കിൽ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും മുകേഷ് ഖന്ന പറഞ്ഞിരുന്നു. എന്നാൽ, സംഭവത്തിൽ മുകേഷ് ഖന്നയോട് മാപ്പപേക്ഷിച്ചിരിക്കുകയാണ് ഒമർലുലു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്.
ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിരുന്ന ശക്തിമാൻ എന്ന സീരിയലിലെ പ്രധാന നടനും നിർമാതാവുമാണ് മുകേഷ് ഖന്ന. "ശക്തിമാന്റെ കഥാപാത്രം,വേഷം, സീരിയലിലെ പശ്ചാത്തല സംഗീതം എന്നിവയുടെ പകർപ്പാവകാശം നിങ്ങൾക്കു തന്നെയാണ്. നിങ്ങളുടെ അനുവാദമില്ലാതെ ആ കഥാപാത്രത്തെ സിനിമയിൽ ഉപയോഗിച്ചതിന് ക്ഷമ ചോദിക്കുന്നു. എന്നാൽ, ഈ പരാതിയിൽ ചില തെറ്റിദ്ധാരണകൾ നിങ്ങൾക്കുണ്ട്. സിനിമയിൽ നടൻ മുകേഷ് ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നില്ല. ശക്തിമാന്റെ വേഷത്തിൽ മുകേഷ് ഒരു ചെറിയ രംഗത്തിൽ മാത്രമേ വരുന്നുള്ളൂ"വെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
"മുകേഷ് ഖന്ന നൽകിയ പരാതി ഫെഫ്‌ക അറിയിച്ചിരുന്നു. നിങ്ങൾക്കാണ് യഥാർത്ഥ ശക്തിമാന്റെ പകർപ്പവകാശം. അതിലെ വസ്ത്രധാരണം, തീം മ്യൂസിക് ഇതെല്ലാം നിങ്ങളുടെ അനുവാദമില്ലാതെ ഞാൻ എന്റെ സിനിമയിൽ ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. സിനിമയിലെ ടെെറ്റിൽ ക്രഡിറ്റിൽ നിങ്ങളുടെ പേരും ചേർക്കുന്നതാണ്. ശക്തിമാന്റെ വേഷത്തിൽ മുകേഷ് ഒരു ചെറിയ രംഗത്തിൽ മാത്രമേ വരുന്നുള്ളൂ. ഈ സിനിമ പൂർണമായും ശക്തിമാന്റെ കഥയാണെന്ന് മുകേഷ് ഖന്ന തെറ്റിദ്ധരിച്ചിട്ടുണ്ട്. 10 മിനിറ്റ് മാത്രം ദെെർഘ്യമുള്ള സീനിൽ മാത്രമാണ് ശക്തിമാന്റെ വേഷമിട്ട് മുകേഷ് എത്തുന്നത്.
ചിത്രത്തിൽ ആദ്യം ഞാൻ സൂപ്പർമാനെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത് എന്നാൽ, പിന്നീട് ശക്തിമാനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കാരണം ദൂരദർശനിൽ ശക്തിമാൻ സീരിയൽ ആരംഭിച്ചത് മുതൽ എല്ലാവരെയും ആകർഷിച്ചിരുന്ന കഥാപാത്രമായിരുന്നു. എന്റെ കുട്ടിക്കാലത്ത് പ്രിയപ്പെട്ട ഹീറോകളിലൊന്നായിരുന്നു ശക്തിമാൻ. നിങ്ങളോട് തോന്നിയ ആരാധനയും സ്നേഹവും ഏറെ വിലമതിക്കുന്നതാണ്. മലയാളിക്കെന്നും നൊസ്റ്റാൾജിയ തന്നെയാണ് ശക്തിമാൻ. മഹാശക്തിയെ സ്വന്തമായി ഉപയോഗപ്പെടുത്താനും സമൂഹത്തിലെ അനീതിക്കെതിരെ പോരാടാനും യുവമനസുകളെ നിങ്ങൾ പ്രേരിപ്പിച്ചു. അതിൽ നിങ്ങളോട് വളരെയധികം നന്ദിയുണ്ട്. എന്റെ ക്ഷമാപണം നിങ്ങൾ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും ഇതോടുകൂടി അവസാനിപ്പിക്കുമെന്നും കരുതുന്നു".