rashtrapathibhavan

ന്യൂഡൽഹി: രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തിയ അമേരിക്കൻ പൗരന്മാരായ അച്ഛനും മകനും അറസ്റ്റിൽ. പീറ്റർ ജയിംസ് ലെയ്ൻ(65)​ മകൻ ഗ്വില്ലൂം ലീഡ്‌ബെറ്റർ ലിൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ടൂറിസ്റ്റ് വിസയിൽ ശനിയാഴ്ചയാണ് ഇരുവരും ഇന്ത്യയിലെത്തിയത്.

ശനിയാഴ്ച വൈകീട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രോണില്‍ ഘടിപ്പിച്ച വീഡിയോ കാമറയിലൂടെ ഇവർ പകര്‍ത്തിയ അതീവസുരക്ഷാമേഖലയായ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ കുറച്ച് ചിത്രങ്ങളും പോലിസ് കണ്ടെടുത്തു.

പൊലീസ് കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ഒരു ഓൺലൈൻ പോർട്ടലിലാണ് ജോലി ചെയ്യുന്നതെന്നും അതിന് വേണ്ടിയാണ് വീഡിയോ എടുത്തതെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഡൽഹിയിൽ ഡ്രോൺ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന കാര്യം അറിയില്ലെന്നും അവർ പൊലീസിനോട് പറഞ്ഞു. ഇവരിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, എന്നാൽ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.