''മ്? എന്താ മോളേ നിനക്കൊരു സംശയം പോലെ?"
ഹേമലതയുടെ മുഖഭാവം കണ്ട് എം. എൽ.എ ശ്രീനിവാസ കിടാവ് തിരക്കി.
''ഒന്നുമില്ല..."
ഹേമലത ചിരിക്കാൻ ശ്രമിച്ചു.
സുരേഷ് കിടാവും അവളെ സൂക്ഷിച്ചു നോക്കി.
''അതല്ല. എന്താണെങ്കിലും തുറന്നു പറഞ്ഞോളൂ. സംശയങ്ങളൊന്നും മനസ്സിൽ അടക്കിവയ്ക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ അത് അവിടെക്കിടന്നു വളർന്നുകൊണ്ടിരിക്കും. ബലൂണിൽ കാറ്റ് നിറയുന്നതുപോലെ..."
കിടാവ് വിടാനുള്ള ഭാവമില്ല.
''നീ പറയെടീ... ചിലപ്പോൾ നമുക്ക് ഗുണമുള്ള ആശയമാണെങ്കിലോ?"
സുരേഷും പ്രോത്സാഹിപ്പിച്ചു.
ആരവും ആരതിയും വന്ന് കിടാവിന്റെ ഇരുവശത്തും ചേർന്നിരുന്നു.
അയാൾ കൊച്ചുമക്കളെ മെല്ലെ തലോടി.
ഒന്നു സംശയിച്ചിട്ട് ഹേമലത പറഞ്ഞു.
''അല്ല അങ്കിളേ... ഈ പ്രേതവും പിശാചുമൊക്കെ ക്യാമറകളിൽ പതിയില്ലെന്നു കേട്ടിട്ടുണ്ട്."
ഒറ്റ ചിരിയായിരുന്നു കിടാവ്.
''മോളേ... ഇവിടെ നിങ്ങള് കണ്ടതും അനുഭവിച്ചതുമൊന്നും പ്രേതത്തിന്റെ കളിയല്ല. എനിക്കുറപ്പുണ്ട്."
ഒന്നു നിർത്തിയിട്ട് കിടാവ് ഗൗരവത്തിൽ തുടർന്നു:
''എനിക്ക് ചില സംശയങ്ങളുണ്ട്. ഈ കോവിലകം നോട്ടമിട്ടിട്ടുള്ള പലരും ഉണ്ടായിരുന്നു. നമ്മൾ എഗ്രിമെന്റ് ആക്കിയത് അവർക്ക് ഇഷ്ടപ്പെട്ടു കാണില്ല... അതുകൊണ്ട് നമ്മളെ ഭയപ്പെടുത്തി ഓടിക്കാനുള്ള ഒരു ശ്രമമല്ല ഇതെന്ന് എങ്ങനെ അറിയും?"
ആ പറഞ്ഞതിൽ കാര്യമുണ്ടെന്നു ഹേമലതയ്ക്കും തോന്നി.
അല്ലെങ്കിൽത്തന്നെ പ്രേതം ആഹാരം കഴിക്കില്ലല്ലോ... കഴിക്കുന്നത് താൻ നേരിൽ കണ്ടതുമാണ്.
പിന്നെ കഴിഞ്ഞ രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ....?
''ഞാൻ... ഞാനൊരു കാര്യം പറഞ്ഞാൽ അങ്കിൾ ദേഷ്യപ്പെടുമോ?"
സന്ദേഹത്തോടെയായിരുന്നു ഹേമലതയുടെ ചോദ്യം.
''ഇല്ല. മോള് പറഞ്ഞോ." ഹേമലത അറിയിച്ചു:
''ഇന്നു രാത്രി അങ്കിൾ കൂടി ഇവിടെ താമസിക്കുമോ... എന്തെങ്കിലും ഉണ്ടായാൽ അറിയാമല്ലോ..."
കിടാവിന്റെ കണ്ണുകൾ ഒന്നു കുറുകി. അയാൾ മകനെ നോക്കി.
''ഹേമ പറഞ്ഞത് ശരിയാണച്ഛാ. അല്ലെങ്കിൽത്തന്നെ അച്ഛൻ ഞങ്ങളുടെ കൂടെ ഒന്നു താമസിച്ചിട്ട് കാലം എത്രയായി?"
സുരേഷും ഭാര്യയുടെ അഭിപ്രായത്തോടെ യോജിച്ചു.
കിടാവ് സമ്മതിച്ചു.
''എങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ.... ഇവിടുത്തെ പ്രേതങ്ങളെ എനിക്കും ഒന്നു പരിചയപ്പെടാമല്ലോ.. അമ്പെയ്യാൻ അറിയാവുന്ന പ്രേതങ്ങളെ...."
തുടർന്ന് അയാൾ തന്റെ വീട്ടിലേക്കു വിളിച്ച്, ഭാര്യയോട് ഇന്നു താൻ കോവിലകത്ത് താമസിക്കുവാൻ തീരുമാനിച്ചു എന്ന് അറിയിച്ചു.
ഹേമലതയ്ക്കു സന്തോഷമായി.
''ഞങ്ങളിന്ന് മുത്തച്ഛന്റെ കൂടെയാ കിടക്കുന്നെ..."
ആരവും ആരതിയും ഒന്നിച്ചു പറഞ്ഞു.
**** *****
മായാർ.
വെളുത്തുള്ളിപ്പാടത്തിനു മീതെ ഇരുളിന്റെ കരിമ്പടം കെട്ടഴിഞ്ഞുവീണു.
നേർത്ത മഞ്ഞുണ്ടായിരുന്നു.
ചന്ദ്രകലയും പ്രജീഷും താമസിക്കുന്ന വീടിനു പുറത്തെ ലൈറ്റുകൾ പുകമറയ്ക്കുള്ളിൽ എന്നവണ്ണം തോന്നിച്ചു.
അകലെ എവിടെയോ ഒരു ആനയുടെ ചിന്നം വിളികേട്ടു.
ഇരിപ്പു മുറിയിൽ ആയിരുന്നു പ്രജീഷും ചന്ദ്രകലയും.
അവളുടെ മുഖത്തെ മ്ളാനത കണ്ട് പ്രജീഷ് തിരക്കി:
''നിന്റെ ഭയം ഇതുവരെ മാറിയില്ലേ? ഇനി നമ്മളെ കൊല്ലാൻ ആരു വന്നാലും അവനെ ഞാൻ പിടിച്ചിരിക്കും."
കണ്ണടച്ചുകൊണ്ട് ചന്ദ്രകല ശിരസ്സ് ഇടം വലം വെട്ടിച്ചു.
''അതല്ല പ്രജീഷ്... കിടാവുസാറ് ഫോണിൽ പറഞ്ഞ കാര്യങ്ങൾ മറക്കാൻ പറ്റുന്നില്ല.... നമ്മുടെ കാറിൽ കണ്ട സ്ഫോടകവസ്തുക്കൾ... മനഃപ്പൂർവ്വം ആരോ നമ്മളെ കുടുക്കാൻ വേണ്ടി ചെയ്തതായിക്കൂടേ?"
പ്രജീഷ് മൂളി.
അയാളുടെ കണ്ണുകൾ തുറന്നുകിടന്ന വാതിൽ വഴി മഞ്ഞിൽ കുഴഞ്ഞ ഇരുട്ടിലേക്കു നീണ്ടു.
''നമ്മളെ കൊല്ലാൻ വന്നവനെ കയ്യിൽ കിട്ടിയാൽ ആ സമസ്യയ്ക്കുള്ള പരിഹാരവും ഉണ്ടാകും. എനിക്ക് ഉറപ്പുണ്ട്."
പ്രജീഷ് ഒരു സിഗററ്റിനു തീകൊളുത്തി പുകയൂതി.
''ഭീകരസംഘടനകളുമായി നമുക്ക് ബന്ധം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നമ്മളെ ചോദ്യം ചെയ്യുന്നത് ഡൽഹിയിലെ പോലീസ് ആയിരിക്കും. അതാ എന്റെ പേടി."
ചന്ദ്രകല ദീർഘമായി നിശ്വസിച്ചു.
പ്രജീഷ് അവളുടെ കൈപ്പടത്തിൽ തന്റെ കൈ അമർത്തി:
''അങ്ങനെയൊന്നും സംഭവിക്കില്ല..."
പറഞ്ഞതും പുറത്ത് ഒരു ചലനം കണ്ടതുപോലെ പ്രജീഷ് എഴുന്നേറ്റു.
അകത്തുപോയി തന്റെ പിസ്റ്റൾ എടുത്തു.
''ഞാൻ മെയിൻ സ്വിച്ച് ഓഫു ചെയ്യുകയാണ്. നീ വാതിലടച്ചോ... ഞാൻ വിളിക്കാതെ തുറക്കരുത്."
പറഞ്ഞതും അയാൾ മെയിൻ സ്വിച്ച് ഓഫു ചെയ്തിട്ട് പുറത്തിറങ്ങി.
ചന്ദ്രകല വർദ്ധിച്ച നെഞ്ചിടിപ്പോടെ വാതിലടച്ചു കൊളുത്തിട്ടു...
(തുടരും)