yathish-chandra-

ന്യൂഡൽഹി : ശബരിമല ദർശനത്തിനെത്തിയ മുൻ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണനോട് പൊലീസ് ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന ബി.ജെ.പിയുടെ പരാതി നടപടിയില്ലാതെ അവസാനിക്കുന്നു. ഇതു സംബന്ധിച്ച പരാതി തള്ളിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. സമരക്കാരെ നേരിടുന്നതിനായി പമ്പയിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ശബരിമലയിൽ ദർശനം നടത്തുവാനെത്തിയ മുൻ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണനോടും മുതിർന്ന ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളെ നിലയ്ക്കൽ തടഞ്ഞുവച്ച സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്രയുടെ പ്രവർത്തി ഏറെ വിവാദമായിരുന്നു. യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര സർക്കാരിനെ കൊണ്ട് നടപടി എടുപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കൾ പരസ്യമായി പ്രഖ്യാപിക്കുകയും ബി.ജെ.പി സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തുകയും ചെയ്തിരുന്നു.

എന്നാൽ വിവാദ സംഭവമുണ്ടായി ഒൻപത് മാസങ്ങൾക്കിപ്പുറവും എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിവരാവകാശ രേഖപ്രകാരം ചോദ്യമുന്നയിച്ചപ്പോൾ ഇതു വരെയും നടപടിയൊന്നും സ്വീകരിച്ചില്ല എന്ന മറുപടിയാണ് ലഭിച്ചത്. യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതി കേന്ദ്രത്തിന് ലഭിച്ചുവെന്നും എന്നാൽ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി എന്നുമാണ് ചോദ്യത്തിന് ഉത്തരമായി ലഭിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങൾ ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വിഷയത്തിൽ പ്രതികരിക്കവേ ഇനിയും യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതി നൽകുമെന്ന് ബി.ജെ.പി നേതാവ് എം.എസ് കുമാർ പ്രതികരിച്ചു.