crude-oil

റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടങ്ങളിലും ശുദ്ധീകരണ പ്ലാന്റുകളിലും ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണം ഇന്ത്യയെ ബാധിക്കില്ലെന്ന് സൗദി എണ്ണ ഭീമനായ അരാംകോ ഇന്ത്യയ്ക്ക് ഉറപ്പ് നൽകി. ഡ്രോൺ ആക്രമണം മൂലം ലോകത്താകമാനമുള്ള സൗദിയുടെ എണ്ണ വിതരണത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവ് സംഭവിച്ചിരുന്നു. എന്നാൽ ഈ നഷ്ടം നികത്താൻ എണ്ണ ഉത്പാദനം പഴയ നിലയിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സൗദി അറേബ്യ. വിവിധ രാജ്യങ്ങൾക്ക് വിവിധ ഗ്രേഡിലുള്ള ക്രൂഡ് ഓയിലാണ് സൗദി അറേബ്യ നൽകുന്നത്. ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച ഗ്രേഡിലുള്ള ക്രൂഡ് ഓയിൽ ആയിരിക്കില്ല അരാംകൊ ഇനി നൽകുകയെന്നാണ് സൂചന.

സൗദിയിൽ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്ന ക്രൂഡ് ഓയിൽ അളവിൽ കുറവ് സംഭവിക്കാത്തത് ഇതുകൊണ്ടാണ്. മാത്രമല്ല, ക്രൂഡ് ഓയിൽ സംഭരിക്കാൻ വ്യത്യസ്തമായ സംഭരണ പദ്ധതികളും ഇന്ത്യയുടെ കൈവശമുണ്ട്. സൗദിയിലെ ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ ഉണ്ടാകുന്ന കുറവിന്റെ ആഘാതം നേരിയ അളവിലായിരിക്കും വിതരണത്തെ ബാധിക്കുക എന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാൽ, ആക്രമണം മൂലം ക്രൂഡ് ഓയിലിന്റെ വിലയിൽ ഉണ്ടായ പെട്ടെന്നുള്ള വിലവർദ്ധന ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും കാര്യമായി ബാധിക്കും. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചിലവുകളെയും വ്യാപാര കമ്മിയെയുമാണ് ഇത് കാര്യമായി ബാധിക്കുക. എണ്ണവിലയിൽ ഉണ്ടാകുന്ന ഓരോ ഡോളർ വിലവർദ്ധനയും ഒരു വർഷത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവുകളിൽ 10,700 കോടിയുടെ വർദ്ധനവ്‌ വരുത്തും. 2018-19 സാമ്പത്തിക വർഷത്തിൽ മാത്രം 111.9 ബില്ല്യൺ ഡോളറാണ് ഇന്ത്യ എണ്ണ ഇറക്കുമതിക്കായി ചിലവഴിച്ചത്. അതിനാൽ തന്നെ ഇറാനിലെ സംഭവ വികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം പകുതിയായിരുന്നു. ഇതോടെ പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയാണ് നഷ്ടമാവുക. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലിൽ നിന്ന് 41ലക്ഷം ബാരലായി കുറയും. കനത്ത നാശനഷ്ടമുണ്ടായ ബുഖ്‍യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും പുനരുദ്ധാരണ നടപടികൾ പുരോഗമിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണ് ബുഖ്‍യാഖിലേത്. ലോകത്തെ പ്രതിദിന എണ്ണ വിതരണം പത്ത് കോടി ബാരലാണ്. അതിന്റെ പത്ത് ശതമാനം ആണ് സൗദി ഉൽപ്പാദിപ്പിക്കുന്നത്.