ന്യൂഡൽഹി : സി.പി.ഐ അടക്കമുള്ള പാർട്ടികൾക്ക് ഇനിയും ദേശീയ പാർട്ടി പദവി തുടർന്ന് നൽകണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിവച്ചേക്കും. അടുത്തു തന്നെ നടക്കുന്ന മഹാരാഷ്ട്ര, ഛാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് സാദ്ധ്യത. സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നീ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ പാർട്ടി പദവി തുടരണമോ എന്ന് കഴിഞ്ഞ ലോക്സഭയിലെ പ്രകടനം വിലയിരുത്തി തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്.
എന്നാൽ ദേശീയ പർട്ടി പദവി നേടാൻ നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി വേണമെന്ന് നിബന്ധന പാലിക്കുവാൻ സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ പാർട്ടികൾക്ക് കഴിയുമോ എന്ന് അറിയാൻ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ സി.പി.ഐയ്ക്ക് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് സംസ്ഥാന പാർട്ടിയെന്ന പദവി സ്വന്തമാക്കാനായിട്ടുള്ളു. കേരളത്തിനു പുറമേ തമിഴ്നാട്ടിലും മണിപ്പൂരിലുമാണിത്.