റിയാദ്: സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ എണ്ണപ്പാടത്തും ശുദ്ധീകരണ പ്ലാന്റിലും ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് രണ്ടിടത്തും എണ്ണ ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഇറാൻ- അമേരിക്ക വാക്പോര് തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇറാനാണെന്നാണ് അമേരിക്ക വാദിക്കുന്നത്. യെമനിൽ നിന്നാണ് ആക്രമണം നടന്നത് എന്നതിന് തെളിവില്ലെന്നും ഇറാനിലാണ് തെളിവുള്ളതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഹൂതി വിമതർക്ക് ഇറാന്റെ പിന്തുണയുള്ളതാണ് അദ്ദേഹം സൂചിപ്പിച്ചത്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. എന്നാൽ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയത് ഇറാനാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാൽ ആരാംകോ ആക്രമണത്തിന്റെ പേരിൽ തങ്ങൾക്കെതിരെ തിരിയാനാണ് അമേരിക്കയുടെ ഭാവമെങ്കിൽ യുദ്ധത്തിന് സജ്ജമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇറാൻ പൂർണ്ണതോതിലുള്ള യുദ്ധത്തിന് സജ്ജമാണ്. 2000 കിലോമീറ്റർ പരിധിയിലുള്ള അമേരിക്കയുടെ നാവിക താവളവും പടക്കപ്പലുകളും തകർക്കാൻ തങ്ങൾക്ക് ശേഷിയുണ്ട്- ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കമാണ്ടർ അമീർ അലി ഹജിസദേ മുന്നറിയിപ്പ് നൽകി.
അതേസമയം, സൗദി അറേബ്യയിലെ എണ്ണ ഉത്പാദനം നിറുത്തിവച്ചതോടെ 57 ലക്ഷം ബാരൽ എണ്ണയാണ് നഷ്ടമാവുക. ഇതോടെ സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലിൽ നിന്ന് 41ലക്ഷം ബാരലായി കുറയും. ലോകത്തെ പ്രതിദിന എണ്ണ വിതരണത്തിൽ അഞ്ച് ശതമാനമാണ് കുറയുന്നത്. ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണിയിൽ എണ്ണവില വർദ്ധിച്ചേക്കും. പ്രതിസന്ധി രൂക്ഷമായാൽ കരുതൽ ശേഖരം ഉപയോഗിക്കാനുള്ള നടപടികൾ അമേരിക്ക തുടങ്ങി. കനത്ത നാശനഷ്ടമുണ്ടായ ബുഖ്‍യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും പുനരുദ്ധാരണ നടപടികൾ പുരോഗമിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണ് ബുഖ്‍യാഖിലേത്.