തിരുവനന്തപുരം: നിര്‍മ്മാണതകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പാലം ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പുതുക്കി പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസൈനും എസ്റ്റിമേറ്റും ഇ. ശ്രീധരൻ തയ്യാറാക്കുമെന്നും ഒക്ടോബർ ആദ്യവാരം നിർമ്മാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു വർഷം കൊണ്ട് പാലത്തിന്റെ പണി പൂർത്തിയാക്കുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സാങ്കേതികമായും സാമ്പത്തികമായും പുനർനിർമ്മാണമാണ് നല്ലതാണെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ. ശ്രീധരനും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നല്ല സാങ്കേതിക മികവുള്ള ഏജൻസികളെ ചുമതലപ്പെടുത്തുമെന്നും, മേൽനോട്ടത്തിന് മികച്ച ഏജൻസികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ ഐ.ഐ.ടി വിദഗ്ധരും ചർച്ചയിൽ പങ്കെടുത്തിരുന്നു.ചെന്നൈ ഐ.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ അവ്യക്തതയുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയാലും അത് എത്രകാലം നിൽക്കുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അതിനാൽ പൊളിച്ച് പണിയുന്നതാണ് നല്ലതെന്ന് ഇ. ശ്രീധരൻ കൂടിക്കാഴ്ചയിൽ നിർദേശിച്ചെന്നും അത് സർക്കാർ അംഗീകരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലം പണിയിൽ മന്ത്രിമാർ നടത്തിയത് കോടികളുടെ അഴിമതിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്ന് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാലം പണിയിൽ അഴിമതിയുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.