റോം : ഇറ്റലിയിലെ മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ മൊലിസെ നഗരം ഗുരുതരമായ ഒരു പ്രശ്നമാണ് അഭിമുഖീകരിക്കുന്നത്. മനോഹരമായ ഈ പ്രദേശത്ത് താമസിക്കുവാൻ ആളുകളില്ലാത്തതാണ് പ്രാദേശിക ഭരണകൂടം നേരിടുന്ന വെല്ലുവിളി. ഇവിടെ സ്ഥിരതാമസക്കാരായ യുവാക്കളടക്കമുള്ളവർ മറ്റു മഹാനഗരങ്ങളിലേക്ക് ചേക്കേറുന്നതാണ് സർക്കാർ നേരിടുന്ന പ്രധാന പ്രശ്നം. ഇതിനു പരിഹാരമായി വിദേശികളടക്കമുള്ളവരെ ഇവിടെ താമസക്കാരാക്കുന്നതിനെ കുറിച്ചാണ് ഇപ്പോൾ അധികാരികൾ ആലോചിക്കുന്നത്. രണ്ടായിരത്തിൽ താഴെ മാത്രം താമസക്കാരുള്ള ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമാണ് പുതിയ താമസക്കാരെ ക്ഷണിക്കുന്നത്. ഇതു സംബന്ധിച്ച് മികച്ച പാക്കേജുകൾ കഴിഞ്ഞ ദിവസങ്ങളിൽ മൊലീസെ പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തു.
സ്ഥിരതാമസത്തിനായി മൊലീസയിലേക്ക് വരാൻ താത്പര്യമുള്ളവർക്ക് ഭരണകൂടം ഇരുപത്തിയേഴായിരം ഡോളർ ആദ്യമേ അനുവദിക്കും. ഇന്ത്യൻ കറൻസിയിൽ ഉദ്ദേശം പത്തൊൻപത് ലക്ഷത്തോളമുണ്ടാവും ഈ തുക. ഇതിനു ശേഷം എല്ലാ മാസവും സാമ്പത്തിക സഹായമായി അരലക്ഷം രൂപയോളം മൂന്ന് വർഷത്തോളം ലഭിക്കും. എന്നാൽ പ്രാദേശിക ഭരണകൂടം എല്ലാക്കാലവും താമസത്തിനെത്തുന്നവരെ സഹായിക്കും എന്നു കരുതരുത്. മൊലീസയിൽ താമസത്തിനെത്തുന്നവർ സ്വന്തമായി എന്തെങ്കിലും ബിസിനസ് കൂടി നടത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായുള്ള എല്ലാ സഹായവും സർക്കാർ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ദമ്പതിമാരെയാണ് സ്ഥിരതാമസത്തിനായി മൊലീസ ക്ഷണിക്കുന്നത്. സെപ്തംബർ പതിനാറ് മുതൽ ഇവിടെ താമസത്തിനായി അപേക്ഷിക്കാനാവും.
മൊലീസയെ പോലെ യൂറോപ്പിലെ നിരവധി പ്രദേശങ്ങൾ ജനസംഖ്യ കുറയുന്നതിൽ ആശങ്കയിലാണ്. അടുത്തിടെ സിസിലിയിലെ മലപ്രദേശമായ സാംബുകയിൽ താമസത്തിനെത്തുന്നവർക്ക് ഒരു ഡോളറിന് വീടുനൽകുവാൻ പോലും പ്രാദേശിക ഭരണകൂടം തയ്യാറായിരുന്നു.