
ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലാണോ എന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. രാജ്യസഭാ എം.പിയും എം.ഡി.എം.കെ സ്ഥാപകനുമായ വൈകോ സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതി ഇക്കാര്യം ചോദിച്ചത്. ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാൻ കഴിയുന്നില്ലെന്ന് വൈകോയുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കും.
അതേസമയം, വൈകോയുടെ ഹർജിക്കെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തി. വൈകോ ഫാറൂഖ് അബ്ദുള്ളയുടെ ബന്ധുവല്ലെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കാശ്മീരിലെ നേതാക്കളെ വിട്ടയക്കണമെന്ന വൈകോയുടെ ഹർജി നിയമപ്രക്രിയയ്ക്ക് എതിരാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
കാശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്‌വരയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾക്ക് എതിരെയുമുള്ള ഹർജികളും ഇന്ന് പരിഗണിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എസ്. അബ്ദുൾ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.