teen-girl

ന്യൂഡൽഹി: അമ്മായിയുടെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം അമ്മ പതിനഞ്ചു വയസുകാരിയായ മകളെ കൊണ്ടുപ്പോയത് വേശ്യാലയത്തിൽ വിൽപ്പന ചെയ്യാൻ. ഡൽഹിയിലെ ബവാനയിലാണ് സംഭവം നടന്നത്. മകളെ അവളുടെ സമ്മതമില്ലാതെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയ അമ്മ അവളെ ഒരു ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു. മകളെ തേടി ഷാഹിദ് എന്നൊരാൾ വരുമെന്നും അയാളുടെ കൂടെ പോകണമെന്നും അമ്മ പെൺകുട്ടിയെ ഉപദേശിച്ചിരുന്നു. പിന്നീട് ഷാഹിദ് എന്നയാൾ വന്ന് പെൺകുട്ടിയെ ബവാനയിലെ ഇഷ്വാർ കോളനിയിലേക്ക് കൊണ്ടുപോയി. ഇയാളിൽ നിന്നുമാണ് തന്റെ അമ്മ തന്നെ വിൽക്കുകയായിരുന്നു എന്ന സത്യം പെൺകുട്ടി മനസിലാക്കിയത്.

വേശ്യാവൃത്തിയിലേക്ക് പെൺകുട്ടിയെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങാൻ പെൺകുട്ടിയോട് ഷാഹിദ് ആവശ്യപ്പെട്ടു. എന്നാൽ ഇതിനിടെ തന്റെ കൈവശമുണ്ടായിരുന്ന 10 രൂപ കൊണ്ട് ഷെയർ ഓട്ടോയിൽ കയറി പെൺകുട്ടി ബവാന ജെ.ജെ. കോളനിയിലുള്ള സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി അയൽക്കാരുടെ സഹായത്തോടെ ഡൽഹി വനിതാ കമ്മീഷന്റെ നമ്പറിൽ വിളിച്ച് തനിക്ക് സംഭവിച്ച കാര്യങ്ങൾ തുറന്ന് പറഞ്ഞു. ഒടുവിൽ വനിതാ കമ്മീഷനാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും പൊലീസിന് പരാതി നൽകുകയും ചെയ്തത്.

സംഭവത്തിൽ ഡൽഹി പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 370 എ(ലൈംഗികചൂഷണം, മനുഷ്യക്കടത്ത്) അനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയുകയും ചെയ്തു. തന്റെ അമ്മയ്ക്കും വളർത്തച്ഛനും നാലു സഹോദരങ്ങൾക്കും ഒപ്പമാണ് പെൺകുട്ടി ജീവിച്ചുവന്നത്. കഴിഞ്ഞ മാസം ഒരു കടം വീട്ടുന്നതിനായി തന്റെ ഒന്നര വയസുള്ള സഹോദരനെയും അമ്മ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റിരുന്നതായി പെൺകുട്ടി വനിതാ കമ്മീഷനോട് വെളിപ്പെടുത്തി. നിലവിൽ പെൺകുട്ടിയെ വനിതാ കമ്മീഷൻ ഒരു ഷെൽട്ടർ ഹോമിൽ ആക്കിയിരിക്കുകയാണ്.