autoriksha

പാറ്റ്ന : മോട്ടോർ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം പിഴ കുത്തനെ ഉയർത്തിയതോടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽനിന്നും വൻ തുക പിഴ ഈടാക്കിയ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിൽ നിന്നുമെല്ലാം വിഭിന്നമായ ശിക്ഷയാണ് ബീഹാറിലെ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവർക്ക് ലഭിച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് പൊലീസ് ഇയാൾക്ക് പിഴ ചുമത്തിയത്. എന്നാൽ ഓട്ടോറിക്ഷയ്ക്ക് എവിടെയാണ് സീറ്റ്‌ബെൽറ്റ് എന്ന് ചോദിച്ചാലൊന്നും പൊലീസ് സമ്മതിച്ച് തരില്ല. ആയിരം രൂപയാണ് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഇവിടെ ചുമത്തിയത്.

മോട്ടർ വാഹന നിയമപ്രകാരം ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ഹെൽമറ്റും കാറുകളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റും ധരിക്കണമെന്ന് നിഷ്‌കർഷിച്ചിരുന്നു. ഈ നിയമം ലംഘിക്കുന്നവർക്ക് ആയിരം രൂപ പിഴ ഈടാക്കിയും തുടങ്ങിയിരുന്നു. എന്നാൽ മുച്ചക്രവാഹനമായ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവർ ഇല്ലാത്ത സീറ്റ് ബെൽറ്റ് എങ്ങനെ ധരിക്കുമെന്നതിന് ഉത്തരമില്ലെങ്കിലും ഫൈൻ അടിച്ചു നൽകിയിരിക്കുകയാണ് ഉദ്യോഗസ്ഥൻ.