kaumudy-news-headlines

1. പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ തീരുമാനം. ഇ. ശ്രീധരന് നിര്‍മ്മാണ ചുമതല. ഒകേ്ടാബര്‍ ആദ്യവാരം പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. മുന്‍ മന്ത്രിമാര്‍ നടത്തിയത് കോടികളുടെ ഖജനാവ് കൊള്ള. പാലത്തിന് എത്രകോടി രൂപ വേണ്ടിവരും എന്ന ചോദ്യത്തിന് പരിശോധിച്ച ശേഷം മറുപടി നല്‍കാം എന്ന് മുഖ്യമന്ത്രി. 42 കോടിരൂപ ചെലവിട്ട് ആയിരുന്നു പാലാരിവട്ടം പാലം നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തിയ ഇ. ശ്രീധരന്‍ നേരത്തെ പുതുക്കി പണിയാന്‍ 18.2 കോടി രൂപ വേണ്ടി വരും എന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ്


2. പി.എസ്.സി പരീക്ഷാ ചോദ്യങ്ങളില്‍ മലയാളത്തിന് പച്ചക്കൊടി. മലയാളത്തില്‍ പരീക്ഷ നടത്താന്‍ പി.എസ്.സി തയ്യാര്‍ എന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. പരീക്ഷകള്‍ മലയാളത്തില്‍ വേണ്ട എന്ന നിലപാട് പി.എസ്.സിക്ക് ഇല്ല. കെ.എ.എസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്തും. ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ സംവിധാനം വേണം. മലയാളം പേപ്പര്‍ തയ്യാറാക്കാന്‍ അദ്ധ്യാപകരെ സജ്ജരാക്കണം. പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ചോദ്യ പേപ്പര്‍ ഇടുന്നവര്‍ തയ്യാറാകണം. സാങ്കേതിക പ്രശ്നങ്ങള്‍ പഠിക്കുന്നതിന് സമിതി രൂപീകരിക്കും എന്നും ചെയര്‍മാന്‍. തീരുമാനം, മുഖ്യമന്ത്രി പിണറായി വിജയനും ആയി പി.എസ്.സി നടത്തിയ യോഗത്തില്‍.
3. സംസ്ഥാനത്തിന്റേത് എല്ലാതരത്തിലും മലയാളത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളത്തെ ഇകഴ്ത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി. അതേസമയം, ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരും എന്ന് വ്യക്തമാക്കി ഐക്യമലയാള പ്രസ്ഥാനം. പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ ഐക്യ മലയാള പ്രസ്താനം നടത്തുന്ന നിരാഹാര സമരം 19 ദിവസം പിന്നിടുമ്പോള്‍ ആണ് പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്താന്‍ തത്വത്തില്‍ അംഗീകാരം ആയത്
4. മോട്ടോര്‍ വാഹന ഭേദഗതിയില്‍ വ്യക്തത തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കും. അതുവരെ ബോധവത്കരണം തുടരാന്‍ തീരുമാനം. നിലനിലെ നിയമത്തില്‍ സാധ്യമായ ഇളവ് പരിശോധിക്കാനും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. കേന്ദ്രത്തിന്റേത് യുക്തിരഹിതം ആയ തീരുമാനം എന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. പിഴ തുക കുറയ്ക്കുന്നതില്‍ കേന്ദ്ര നിര്‍ദേശം വരുന്നതു വരെ കാത്തിരിക്കും എന്ന് ഗതാഗത മന്ത്രി
5. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി അറിയിച്ചെങ്കിലും ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിവരെ വര്‍ധിപ്പിച്ചാണ് കേന്ദ്രം നിയമം ഭേദഗതി ചെയ്ത വിജ്ഞാപനം പുറത്തിറക്കിയത്. കേന്ദ്ര നിയമം വന്നയുടനെ സംസ്ഥാനവും മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനം ഇറക്കി. പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്, ഉയര്‍ന്ന പിഴ ഈടാക്കുന്നതിന് എതിരെ സംസ്ഥാനത്താനം ആകെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍.
6. കേന്ദ്ര നിയമം അനുസരിച്ച് വിജ്ഞാപനം ഇറക്കാത്ത സംസ്ഥാനങ്ങള്‍ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിത്തുടങ്ങി. ഈ സഹാചര്യത്തില്‍ നിയമപരമായ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പിഴത്തുക പകുതി ആക്കാനുള്ള ആലോചനയാണ് നടക്കുന്നത് എങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല. ഉയര്‍ന്ന പിഴയില്‍ ഒറ്റത്തവണ ഇളവ് നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.
7. പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. മുഖ്യപ്രതികളായ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ പി.പി പ്രണവിനെയും സഫീറിനെയും ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പി.എസ്.സി പരീക്ഷാ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവും പി.എസ്.സി പട്ടികയിലെ രണ്ടാം റാങ്ക് കാരന്‍ ആയ പ്രണവ് ആണെന്ന് ആണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
8. കേസ് എടുത്തത് മുതല്‍ ഒളിവില്‍ ആയിരുന്ന പ്രണവ് ഓണാവധിക്ക് കോടതി പിരിയുന്നതിന് തൊട്ടു മുന്‍പ് കീഴടങ്ങിയതിനാന്‍ ഇതു വരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് വീണ്ടും കോടതി ചേരുമ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റഡിയില്‍ വിട്ട് നല്‍കിയേക്കും. ശിവരഞ്ജിത്, നസീം, ഗോകുല്‍ തുടങ്ങിയ പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പിന്റെ ഏകദേശ രൂപം വ്യക്തമായിട്ടുണ്ട്.
9. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പരീക്ഷ തുടങ്ങിയതിന് പിന്നാലെ കോളേജിലെ ഒരു വിദ്യാര്‍ത്ഥി, കോളേജിന് പുറത്ത് കാത്ത് നിന്ന ഗോകുലിനും സഫീറിനും ചോദ്യപേപ്പര്‍ എത്തിച്ച് നല്‍കി. സംസ്‌കൃത കോളേജില്‍ ഇരുന്ന് ഇവര്‍ ഉത്തരങ്ങള്‍ പ്രണവിനും നസീമിനും ശിവരഞ്ജിത്തിനും അയച്ച് കൊടുത്തു എന്നാണ് നിഗമനം. അതേസമയം, യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലും പ്രണവിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ നടപടികള്‍ തുടങ്ങി. കേസില്‍ പ്രണവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടി കന്റോണ്‍മെന്റ് പൊലീസും തുടങ്ങിയിട്ടുണ്ട്.
10. ശബരിമലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞു എന്ന പരാതിയില്‍ യതീഷ് ചന്ദ്ര ഐ.പി.എസിന് ആശ്വാസം. യതീഷ് ചന്ദ്രക്കയ്ക്ക് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. പരാതി തള്ളിയത്, സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍. വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് യതീഷ് ചന്ദ്രയ്ക്ക് എതിരായ കേസ് തള്ളിയ കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. കഴിഞ്ഞ നവംബര്‍ 21 ന് ശബരിമലയിലെ നിലയ്ക്കലില്‍ വച്ചായിരുന്നു സംഭവം.