
ന്യൂഡൽഹി: ആവശ്യമെങ്കിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മുകാശ്‌മീരിൽ സന്ദർശനം നടത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പറഞ്ഞു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ ബാലാവകാശ പ്രവർത്തകയായ ഇനാക്ഷി ഗാംഗുലി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം സൂചിപ്പിച്ചത്. പരാതിയുമായി ജമ്മുകാശ്മീർ ഹൈക്കോടതിയെ സമീപിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന ഹർജിക്കാരുടെ പരാതിയെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
കാശ്മീരിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ആരോപണം ശരിയാണെങ്കിൽ കാശ്മീരിൽ പോയി നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് കാശ്മീരിലെ ആറ് മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ സ്വാതന്ത്ര്യത്തിൽ കടിഞ്ഞാണിടുകയാണെന്ന് ഇനാക്ഷി ഗാംഗുലി സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഈ വിഷയം അവിടെയുള്ള ഹൈക്കോടതി പരിശോധിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ കാശ്മീർ ഹൈക്കോടതിയെ സമീപിക്കാൻ ബുദ്ധിമുട്ടാണെന്ന് ഇനാക്ഷി ഗാംഗുലിയുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. എന്താണ് ഹൈക്കോടതിയെ സമീപിക്കാനുള്ള ബുദ്ധിമുട്ട്? ആ വഴിക്ക് ആരും വരാറില്ലെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് അറിയിക്കണം, ആവശ്യമെങ്കിൽ ജമ്മുകാശ്മീരിൽ പോയി സ്ഥിതിഗതികൾ വിലയിരുത്താം- ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം, കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന അനുച്ഛേധം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത നടപടിയെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്നും അതുമായി ബന്ധപ്പെട്ട് ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ ബോധിപ്പിച്ചു.