suicide

അമരാവതി:​ ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുൻ സ്പീക്കറുമായ കൊടേല ശിവപ്രസാദ് റാവുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ വസതിയിൽ തൂങ്ങിയ നിലയിൽ കണ്ടത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.

ജഗ്ഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയായതിന് ശേഷമുണ്ടായ അഴിമതിക്കേസുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അധികാരമൊഴിഞ്ഞതിന് ശേഷം നിയമസഭയിലെ ഫർണിച്ചർ വീട്ടിലേക്ക് കൊണ്ടുപോയെന്ന് ശിവപ്രസാദിനെതിരെ ആരോപണമുണ്ടായിരുന്നു. കൂടാതെ ദിവസങ്ങൾക്ക് മുമ്പ് മകനും മകൾക്കുമെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ശിവപ്രസാദ് റാവുവിന്റെ മരണത്തിൽ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അനുശോചനം രേഖപ്പെടുത്തി. ആന്ധ്രപ്രദേശിലെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് ശിവപ്രസാദെന്ന് ബി.ജെ.പി നേതാവ് കൃഷ്ണസാഗർ റാവു പ്രതികരിച്ചു. 2014​-19 കാലയളവിൽ ആന്ധ്രനിയമസഭയിലെ സ്പീക്കറായിരുന്ന ശിവപ്രസാദ് റാവു ആറുതവണ എം.എൽ.എയുമായിരുന്നു.