home

കണ്ണൂർ : സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വയ്ക്കുവാൻ മൂന്ന് സെന്റ് സ്ഥലവും നാലു ലക്ഷം രൂപയും ലഭിച്ചിട്ടും പുതിയ വീട്ടിൽ താമസിക്കാനാവാതെ കഷ്ടപ്പെടുകയാണ് ഈ വൃദ്ധ ദമ്പതികൾ. പയ്യന്നൂർ കിണറുമുക്ക് സ്വദേശിയായ വിജയൻ അന്ധനാണ്, വയസുകാലത്ത് തുണയായി കൂടെയുള്ളത് ഭാര്യയായ ശശികലയും. സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നമാണ് കരാറുകാരന്റെ വഞ്ചനയിൽ പൊലിഞ്ഞത്. സർക്കാരിൽ നിന്നും ലഭിച്ച തുക വിശ്വസിച്ച് കരാറുകാരനെ ഏൽപ്പിക്കുകയായിരുന്നു. വീടിന്റെ തേപ്പുപണികളും വയറിംഗും ബാക്കി നിൽക്കേ പണി എല്ലാം പൂർത്തിയാക്കി എന്ന് വിജയനെ കൊണ്ട് എഴുതി വാങ്ങിച്ചാണ് കരാറുകാരൻ മുങ്ങിയത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരും ശ്രദ്ധ കാട്ടിയില്ല.

വൃദ്ധ ദമ്പതികൾ വീടു വയ്ക്കാനുള്ള സ്ഥലം അനുവദിച്ചതിലും അധികാരികൾ ശ്രദ്ധ കാട്ടിയില്ല. വിജനമായ സ്ഥലത്താണ് ഇവർക്ക് വീടുവയ്ക്കാനുള്ള സ്ഥലം കണ്ടെത്തിയത്. ലോട്ടറി കച്ചവടമാണ് വിജയന്റെ വരുമാന മാർഗം. എന്നാൽ അസുഖങ്ങൾ ശരീരത്തെ തളർത്തിയതോടെ ഏറെ ദൂരം സഞ്ചരിക്കാനും വയ്യാത്ത അവസ്ഥയിലാണിപ്പോൾ. ഇതിനൊപ്പമാണ് വിശ്വസിച്ച കരാറുകാരൻ വഞ്ചിച്ചു എന്ന ദു:ഖവും.