നാല് പൂച്ചകളും ഒരു മൂർഖനും തമ്മിൽ പോരാടിയാൽ ആരായിരിക്കും ജയിക്കുക? ഈ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ നീൽ നിതിൻ മുകേഷ്. തന്റെ പുതിയ ചിത്രമായ 'ബൈപ്പാസ് റോഡി'ന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയായിരുന്നു പാമ്പും പൂച്ചകളും തമ്മിൽ പോരാട്ടത്തിനൊരുങ്ങുന്നത് നീലിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഒരു സുഹൃത്തുമായി ചേർന്ന് നീൽ ഈ 'യുദ്ധ'ത്തിന്റെ വീഡിയോ പകർത്തുകയായിരുന്നു. പൂച്ചകൾ പാമ്പിനെ അടിക്കുന്നതും, ഒടുവിൽ രക്ഷയില്ലെന്ന് മനസിലാക്കി പാമ്പ് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞ് കയറുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
ഏതായാലും കാഴ്ച കണ്ടു നിൽക്കുക മാത്രമല്ല, പാമ്പിനെ പൂച്ചകളിൽ നിന്നും രക്ഷിക്കാനായി നീൽ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റിന് മറുപടിയായാണ് നീൽ നിതിൻ ഇക്കാര്യം പറഞ്ഞത്. പാമ്പ് പിടുത്തക്കാരെ വിവരമറിയിച്ച് പാമ്പിനെ വനത്തിലേക്ക് തുറന്നുവിടുകയാണ് ചെയ്യേണ്ടിയിരുന്നത് എന്നൊരു ഇൻസ്റ്റാഗ്രാം യൂസർ ചൂണ്ടിക്കാട്ടിയപ്പോൾ 'അത് ചെയ്തുകഴിഞ്ഞു' എന്നാണ് തമ്പ്‌സ് അപ്പ് ഇമോജിയിട്ട് നീൽ പ്രതികരിച്ചത്. താരതമ്യേന ചെറുതായ പാമ്പിനെ 'പാവം പാമ്പ്' എന്നാണ് നീലിന്റെ ആരാധകർ വിശേഷിപ്പിച്ചത്. ഇതിനോടകം ഈ വീഡിയോ നിരവധി പേർ കണ്ടുകഴിഞ്ഞു