തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിലെ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തരവകുപ്പ്. യുവതിയുടെ പരാതി വ്യാജമാണെന്നും ആരോപണത്തിൽ തെളിവില്ലെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വടക്കാഞ്ചേരി സി.പി.എം കൗൺസിലർ ജയന്തനെതിരെയായിരുന്നു യുവതിയുടെ പരാതി.
2016ൽ കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2016 നവംബർ 16ന് അനിൽ അക്കരെ എം.എൽ.എ മുഖ്യമന്ത്രിക്ക് അയച്ച കത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.കേസ് അട്ടിമറിച്ചെന്ന് അനിൽ അക്കരെ എം.എൽ.എ പ്രതികരിച്ചു.
ജയന്തനും സുഹൃത്തുക്കളും ചേർന്ന് തന്നെ പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. രണ്ട് വർഷം മുമ്പായിരുന്നു സംഭവം ഉണ്ടായതെന്നും പൊലീസിൽ പരാതി നൽകിയെങ്കിലും അവർ അന്വേഷിക്കാൻ തയ്യാറായില്ലെന്നും ആരോപിച്ചായിരുന്നു യുവതി അന്ന് രംഗത്തെത്തിയത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം വാർത്ത സമ്മേളനത്തിലെത്തിയായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.