ക്ഷേത്രദർശനം എന്നത് പ്രാർത്ഥന എന്നതിലുപരി മനസിലെ ദുഃഖങ്ങളെല്ലാം ദെെവത്തോട് പറഞ്ഞറിയിക്കലുകൂടിയാണ്. ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളുമാണ് നിലനിന്നുപോകുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ പേരുകേട്ടതാണ് ശ്രീ പാലക്കാട്ടെ പന്നിയൂരുള്ള വരാഹമൂർത്തി ക്ഷേത്രം. ഇവിടെയുള്ള ആരാധനാ മൂർത്തിയായ പന്നിയൂരപ്പനോട് പ്രാർത്ഥിച്ചാൽ നഷ്ടപ്പെട്ട വസ്തുപോലും തിരിച്ചുകിട്ടുമെന്നാണ് വിശ്വാസം. ഭൂമി സംബന്ധമായ ദോഷങ്ങൾ തീരുവാനും നഷ്ടപ്പെട്ടതും കേസിൽ പെട്ടതുമായി സ്ഥലം തിരിച്ചു കിട്ടാനുമായി പന്നിയൂരപ്പനോട് പ്രാർത്ഥിച്ചാൽ ശരിയാകുമെന്നും പറയപ്പെടുന്നു. നാലായിരം വർഷം മുൻപ് പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രമെന്നമാണ് വിശ്വാസം.
ഐതിഹ്യവും പെരുന്തച്ചനും
പെരുന്തച്ചനായിരുന്നു ക്ഷേത്രം നിർമിക്കാനുള്ള നിയോഗം. അദ്ദേഹം ഓരോന്നു ചെയ്യുമ്പോഴും ഊരാളന്മാർ ഓരോ കാര്യം വീണ്ടും നിർദേശിക്കും. ഒടുവിൽ മനം മടുത്ത അദ്ദേഹം പന്നിയൂർ ക്ഷേത്രം പണി മുടിയില്ലെന്നു ശപിച്ചു. തന്റെ ഉളിയും മുഴക്കോലും ഇവിടെ ഉപേക്ഷിച്ചു പോയതായാണ് ഐതിഹ്യം. കല്ലിൽ കൊത്തിയതാണു മുഴക്കോൽ. ക്ഷേത്ര ശ്രീകോവിലിന്റെ പിൻഭാഗത്തെ മതിലിനകത്തുകൂടെ കാണുന്ന കല്ലുളിയുടെ ഒരു ഭാഗത്തിനു ചുവട്ടിൽ പെരുന്തച്ചന്റെ ഉളിയെന്നു രേഖപ്പെടുത്തിയിരിക്കുന്നു.
മറ്റൊരു ഐതിഹ്യം- തന്റെ ഉളിവീണു മകൻ മരിച്ചതിൽ പശ്ചാത്താപത്തിലായ അദ്ദേഹം ദേശാടനത്തിനിറങ്ങി. ഒരു ദിവസം തളർന്ന് അവശനായി ഇവിടെ എത്തി. അപ്പോൾ തച്ചു പണി പുരോഗമിക്കുകയായിരുന്നു. വൃദ്ധനും അവശനുമായ വഴിപോക്കനെ പണിക്കാർ തിരിച്ചറിയുകയോ ബഹുമാനിക്കുകയോ ചെയ്തില്ല. ഉച്ച ഭക്ഷണത്തിനു പോയപ്പോഴും ക്ഷണിച്ചില്ല. ഇതിൽ മനംനൊന്ത പെരുന്തച്ചൻ ഗോപുര മുകളിൽ കയറി തടിപ്പണിയിൽ ചില കുസൃതികൾ ഒപ്പിച്ചുവത്രേ, ഭക്ഷണം കഴിഞ്ഞെത്തിയ അവർക്ക് ഗോപുരത്തിന്റെ കഴുക്കോൽ ഉറപ്പിക്കാനായില്ല.
അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന വൃദ്ധനായ വഴിപോക്കനെ ഓർമിച്ചത്. അദ്ദേഹത്തിനു പെരുന്തച്ചന്റെ ഛായയുള്ളതായി ആരോ പറഞ്ഞു. അപ്പോഴേക്കും അദ്ദേഹം സ്ഥലംവിട്ടിരുന്നു. ഏറെ അന്വേഷണത്തിനൊടുവിലാണു കണ്ടെത്തിയത്. ഒടുവിൽ ക്ഷമായാചനം നടത്തി തിരികെക്കൊണ്ടുവന്നു. മനസ്സലിഞ്ഞ പെരുന്തച്ചൻ ക്ഷേത്രത്തിലെത്തി പണിക്കുറവു പരിഹരിച്ചു. എന്നാൽ ഇനി ഒരിക്കലും താൻ പണിയായുധങ്ങൾ കൈയിലെടുക്കില്ലെന്നു ശപഥം ചെയ്ത് ഉളിയും മുഴക്കോലും ക്ഷേത്രത്തിൽ സമർപ്പിച്ചു മടങ്ങിയെന്നും ഒരു കഥയുണ്ട്.
വരാഹമൂർത്തി
മൂന്ന് തവണ ‘വരാഹമൂർത്തി രക്ഷിക്കണേ’ എന്ന് പ്രാർത്ഥിച്ചാൽ ഏത് ആപത്തിൽ നിന്നും ഭഗവാൻ തങ്ങളെ കരകയറ്റുമെന്നാണ് ഇവിടുത്തെ വിശ്വാസം. എന്നാൽ, ഈ ക്ഷേത്രത്തിലേക്കെത്താൻ അത്ര എളുപ്പമല്ല. ദൂരമല്ല പ്രശ്നം. നല്ലവണ്ണം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ദേവന്റെ അനുഗ്രഹവും ഉണ്ടെങ്കിൽ മാത്രമാണ് ഇവിടെ ദർശനം നടത്താൻ സാധിക്കുക എന്നും പറയപ്പെടുന്നുണ്ട്. ശിവക്ഷേത്രം, അയ്യപ്പക്ഷേത്രം, ദുർഗാക്ഷേത്രം, ഗണപതി, സുബ്രഹ്മണ്യൻ, ലക്ഷ്മീനാരായണൻ തുടങ്ങി ഉപദേവന്മാരുടെ ക്ഷേത്രങ്ങളുള്ള ഒരു മഹാക്ഷേത്രമാണിത്.
ദിവസേനെ രാവിലെ 5.30 മുതൽ 10.30 വരെയും വൈകുന്നേരം 5 മുതൽ 8 വരെയും ക്ഷേത്രത്തിൽ ആരാധനകൾ നടക്കുന്നു. പാലക്കാട് ജില്ലയിലെ കുമ്പിടിയിലാണ് പന്നിയൂർ വരാഹക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശൂരിൽ നിന്നും കുന്നംകുളം എടപ്പാൾ വഴി പന്നിയൂരിലെത്താൻ 50 കി.മീ. തൃക്കണ്ണാപുരത്തുനിന്നും കുമ്പിടി വഴിയിൽ 3.6 കിലോമീറ്റർ പോയി കുമ്പിടിനിന്ന് ആനക്കര ഭാഗത്തേക്ക് 1കി.മീ കൂടിപോയാൽ പന്നിയൂർ വരാഹമൂർത്തിക്ഷേത്രമായി. പട്ടാമ്പിനിന്നും തൃത്താല കുമ്പിടി റോഡിൽ നിന്നും 12 കി.മീ പോയാലും പന്നിയൂരെത്താം.