farooq-abdullah
Farooq Abdullah

ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് നേതാവും ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കി. രണ്ടു വർഷം വരെ വിചാരണയില്ലാതെ തടവിൽ വയ്ക്കാനാകുന്ന പൊതു സുരക്ഷാ നിയമപ്രകാരമാണ് (പി.എസ്.എ) ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നത്. പൊതുക്രമത്തിന് ശല്യമുണ്ടാക്കിയെന്നാണ് ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ ആരോപിക്കുന്ന കുറ്റം.

സുപ്രീംകോടതിയിൽ ഇന്ന് കാശ്മീർ വിഷയത്തിൽ ഹർജികൾ പരിഗണിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു നടപടി. അതേസമയം, ഫറൂഖ് അബ്ദുള്ളയെ അനധികൃതമായി തടങ്കലിലാക്കിയെന്നും അദ്ദേഹത്തെ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് എ.ഡി.എം.കെ നേതാവ് വൈക്കോ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി. ഈ മാസം 30നാണ് ഹേബിയസ് കോർപസ് ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കുക.

ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്തതിനു മുന്നോടിയായി ആഗസ്റ്റ് അഞ്ച് മുതൽ 81കാരനായ ഫറൂഖ് അബ്ദുള്ള ശ്രീനഗറിലെ തന്റെ വീട്ടിൽ തടങ്കലിലായിരുന്നു. എന്നാൽ, ഇക്കാര്യം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.