kodale-

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ നിയമസഭ സ്പീക്കറും മന്ത്രിയും തെലുങ്കുദേശം പാർട്ടിയുടെ മുതിർന്ന നേതാവുമായ ഡോ. കോഡെല ശിവപ്രസാദ് റാവു (72) ആത്മഹത്യചെയ്തു. ഇന്നലെ രാവിലെ ഹൈദരാബാദിലെ തന്റെ വീട്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ട അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നാണ് ബന്ധുക്കൾ നൽകിയ വിവരമെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ബഞ്ചാറ ഹിൽസ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ആന്ധ്ര വിഭജനത്തിന് മുമ്പ് അഞ്ച് തവണ നർസറോപേട്ട് നിയമസഭാ മണ്ഡലത്തെ ശിവപ്രസാദ് റാവു പ്രതിനിധീകരിച്ചു. 2014ൽ ആന്ധ്രപ്രദേശ് വിഭജനത്തിനുശേഷം സത്തേനപ്പള്ളിയിൽ നിന്ന് ജയിച്ച് സഭയിലെത്തിയപ്പോൾ ചന്ദ്രബാബു നായിഡു റാവുവിനെ സ്പീക്കറാക്കി.

കർഷക കുടുംബത്തിൽ ജനിച്ച കോഡെല ശിവപ്രസാദ് റാവു ഗുണ്ടൂർ മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് എ.എസും പാസായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് എൻ.ടി. രാമറാവുവിൽ ആകൃഷ്ടനായി 1983ൽ ടി.ഡി.പിയിൽ എത്തുന്നത്. 1987-88 ൽ രാമറാവു സർക്കാരിലും 1996 മുതൽ 1999 വരെ ചന്ദ്രബാബു നായിഡു സർക്കാരിലും മന്ത്രിയായി. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവപ്രസാദ് റാവു പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിൽ റാവു ആക്രമണത്തിനിരയാവുകയും ചെയ്തു. റാവുവിന് ഭാര്യയും രണ്ട് ആൺമക്കളും മകളുമുണ്ട്.

ഫർണിച്ചർ വിവാദം

അടുത്തിടെ ആന്ധ്ര നിയമസഭ മന്ദിരത്തിൽ നിന്ന് കാണാതായ ഫർണിച്ചറുകളും എ.സികളും ശിവപ്രസാദ് റാവുവിന്റെ വസതിയിൽനിന്ന് കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. നിയമസഭാ മന്ദിരം ഹൈദരാബാദിൽ നിന്ന് അമരാവതിയിലേക്ക് മാറ്റുന്നതിന്റെ മറവിൽ ശിവപ്രസാദ് റാവു ഫർണിച്ചറുകൾ കടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ, നിയമസഭ മന്ദിരം മാറ്റുന്നതിന്റെ ഭാഗമായി ഫർണിച്ചറുകൾ തന്റെ വസതിയിൽ താത്കാലികമായി സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.