oommen-chandy

മരട്: നിരപരാധികൾ ശിക്ഷിക്കപ്പെടുകയും തെറ്റുചെയ്തവരും ലാഭമുണ്ടാക്കിയവരും രക്ഷപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കഴിയുന്ന മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ യു.ഡി.എഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിവിധിക്കെതിരല്ല. പക്ഷേ അതിൽ മനുഷ്യത്വത്തിന്റെ അംശം ഉണ്ടായിരിക്കണം. പൊളിച്ചുകളയുക എന്ന ഒറ്റമാർഗമേയുള്ളു എന്ന് പറഞ്ഞാൽ ഒരുകാരണവശാലും യോജിക്കാൻ ഐക്യജനാധിപത്യമുന്നണിക്ക് കഴിയില്ല. പരിഹരിക്കാൻ പറ്റാത്ത വിഷയമായി ഇതിനെ കാണുന്നില്ല. കസ്തൂരിരംഗൻ റിപ്പോർട്ട് ചർച്ചചെയ്തപ്പോൾ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങൾക്ക് പരമാവധി ഇളവുകളും നൽകാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന സർവകക്ഷിയോഗത്തിലെടുക്കുന്ന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവകക്ഷി പ്രതിനിധിസംഘം ഡൽഹിക്ക് പോകണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഹൈബി ഈഡൻ എം.പി, കെ. ബാബു, പ്രൊഫ. കെ.വി. തോമസ് തുടങ്ങിയവർ സംസാരിച്ചു.